ഖുണ്ഡി: വസ്തു തർക്കത്തെ തുടർന്ന് ബന്ധുവായ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ യുവാവും ഭാര്യയുമടക്കം ആറു പേർ അറസ്റ്റിൽ. കനു മുണ്ട എന്നയാളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ത്സാർഖണ്ഡിലെ ഖുണ്ഡിയിലാണ് സംഭവം. യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം 20-കാരനായ പ്രതിയുടെ സുഹൃത്തക്കൾ തലയോടൊപ്പം സെൽഫിയെടുത്തതായും പൊലീസ് പറയുന്നു.
കനുവിന്റെ പിതാവ് ദേശായി മുണ്ട നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്തത്. ഡിസംബർ ഒന്നിന് ദേശായിയും കനു ഒഴികെയുള്ള മറ്റു ബന്ധുക്കളും കൃഷി സ്ഥലത്തായിരുന്നു.ഈ സമയം കനു വീട്ടിൽ ഒറ്റക്കായിരുന്നു. ജോലി കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരിച്ചെത്തിയപ്പോൾ കനുവിനെ കാണാനില്ലായിരുന്നു. ബന്ധുവായ സാഗർ മുണ്ട കനുവിനെ കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ ദേശായിയോട് പറഞ്ഞു. തുടർന്ന് കനുവിനെ തിരഞ്ഞെങ്കിലും കാണാതായതോടെ ദേശായി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് സാഗർ മുണ്ടയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുമാങ് ഗോപ്ല വനത്തിൽ നിന്ന് ശരീരഭഗം കണ്ടെത്തി. എന്നാൽ 15 കിലോ മീറ്റർ അകലെ ദുൽവ തുംഗ്രി മേഖലയിൽ നിന്നായിരുന്നു തല കണ്ടെത്തിയത് എന്ന് മുർഹു പൊലീസ് സ്റ്റേഷൻ ഓഫീസർ ചുഡാമണി ടുഡുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കൊടും ക്രൂരകൃത്യവുമായി ബന്ധപ്പെട്ട് ആറ് മൊബൈൽ ഫോണുകളും രണ്ട് മൂർച്ചയുള്ള രക്തം പുരണ്ട ആയുധങ്ങളും മഴു, എസ്‌യുവി എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ ഒരു ഭൂമിയെ ചൊല്ലി മരിച്ച കനുവിന്റെയും സാഗറിന്റെയും കുടുംബങ്ങൾ തമ്മിൽ ഏറെ നാളായി സംഘർഷം നിലനിന്നിരുന്നു. ഇതാണ് യുവാവിനെ തലവെട്ടിക്കൊല്ലുന്നതിലേക്ക് നയിച്ചത്.