പത്തനംതിട്ട∙ ബവ്‌റിജസ് ചില്ലറ മദ്യവിൽപന ശാലയിൽനിന്ന് ഇഷ്ടക്കാർക്ക് നിയമംലംഘിച്ചു കുപ്പിക്കണക്കിനു മദ്യം നൽകുന്നെന്നു പരാതി. കുപ്പിയൊന്നിന് 50 രൂപ വരെ അധിക തുക ഈടാക്കിയാണു മദ്യം നൽകുന്നത്. താഴേവെട്ടിപ്രത്തെ ഔട്ട്‌ലെറ്റിനെതിരേ മേക്കോഴൂർ സ്വദേശിയാണ് എക്‌സൈസ് മന്ത്രി, കമ്മിഷണർ, ബവ്‌റിജസ് കോർപറേഷൻ എം.ഡി, പത്തനംതിട്ട ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ തുടങ്ങിയവർക്കു പരാതി നൽകിയത്.
ഈ മാസം രണ്ടിന് രാവിലെ താഴേവെട്ടിപ്രം ബവ്‌റിജസ് ഔട്ട്‌ലെറ്റിൽനിന്നു മദ്യം വാങ്ങി മടങ്ങിയ തന്നെ എക്‌സൈസ് ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിവർ വഴിയിൽ തടഞ്ഞു പരിശോധിച്ചതായി മേക്കോഴൂർ സ്വദേശി പരാതിയിൽ പറയുന്നു. നിയമപരമായി വാങ്ങിയതല്ലെങ്കിൽ കേസെടുക്കാൻ പറഞ്ഞപ്പോൾ ഉദ്യോഗസ്ഥരെന്നു പറഞ്ഞവർ തിരികെ പോയി. താഴേവെട്ടിപ്രത്തെ ഔട്ട്‌ലെറ്റിൽ ജവാൻ മദ്യം സ്‌റ്റോക്കുണ്ടെങ്കിലും ജീവനക്കാർ അതു നൽകുന്നില്ല.
ടൗണിലും പരിസരത്തുമുള്ള ചില ബേക്കറികൾക്ക് പലഹാര നിർമാണത്തിനായി കുപ്പിയൊന്നിന് 50 മുതൽ 100 രൂപ വരെ അധികം ഈടാക്കി മറിച്ചു വിൽക്കുകയാണെന്നാണ് ആക്ഷേപം. കൂടാതെ അനധികൃത മദ്യക്കച്ചവടക്കാർക്ക് കമ്മിഷൻ വ്യവസ്ഥയിൽ പരിധിയിൽ കവിഞ്ഞ് മദ്യം കൊടുക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. പൊതുജനമധ്യത്തിൽ തന്നെ അവഹേളിച്ച എക്സസൈസ് ഉദ്യോഗസ്ഥർക്കെതിരെയും കമ്മിഷൻ വ്യവസ്ഥയിൽ മദ്യം മറിച്ചു വിൽക്കുന്ന ജീവനക്കാർക്കെതിരെയും കർശന നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.