ഇത്തവണത്തെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി) പുറത്തുവിട്ടു. 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി ഐഎംഡിബി തെരഞ്ഞെടുത്തത് ധനുഷാണ്. റുസ്സോ ബ്രദേഴ്‍സിന്റെ ഹോളിവുഡ് ചിത്രമായ ‘ദ ഗ്രേ മാനി’ലടക്കം ധനുഷ് 2022ല്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.
‘ദ ഗ്രേ മാനിനു’ പുറമേ ‘മാരൻ’, ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേൻ’ എന്നി ചിത്രങ്ങളാണ് ധനുഷിന്റേതായി 2022ല്‍ പുറത്തിറങ്ങിയത്. ‘പൊന്നിയിൻ സെല്‍വനി’ല്‍ താരമായ ഐശ്വര്യ റായ്‍യാണ് ഐഎംഡിബിയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. രാം ചരണാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. എസ് എസ് രാജമൗലി ചിത്രമായ ‘ആര്‍ആര്‍ആറി’ലൂടെയാണ് രാം ചരണ്‍ ജനപ്രീതി സ്വന്തമാക്കിയത്.
ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.
ധനുഷ് എഴുതിയ ഗാനം ചിത്രത്തിലേതായി നേരത്തെ പുറത്തുവിട്ടത് വൻ ഹിറ്റായി മാറിയിരുന്നു. ‘വാത്തി’യുടെ രണ്ടാം ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പുരോഗമിക്കുകയാണ് എന്ന് ജി വി പ്രകാശ് കുമാര്‍ അറിയിച്ചിട്ടുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.