തിരുവനന്തപുരം: സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റമില്ലെന്ന് നിയമസഭയിൽ അവകാശപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിലക്കയറ്റ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ച പ്രതിപക്ഷത്തെ കണക്കറ്റ് പരിഹസിക്കാനും മന്ത്രി ശ്രമിച്ചു. ഇത് പലപ്പോഴും സഭയെ ബഹളത്തിൽ മുക്കി. എന്നാൽ വിലക്കയറ്റത്തിന്‍റെ കാഠിന്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അക്കമിട്ട് നിരത്തി മന്ത്രിക്ക് ശക്തമായ മറുപടി നൽകി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോക്കും നടത്തി.
മുസ്ലിം ലീഗിലെ ടി.വി. ഇബ്രാഹിമാണ് നോട്ടീസ് ഉന്നയിച്ചത്. നോട്ടീസിൽ വസ്തുതയില്ലെന്നും പഴയ അടിയന്തരപ്രമേയ നോട്ടീസ് എടുത്ത് വീണ്ടും ഉന്നയിക്കുകയാണ് ചെയ്തതെന്നും മന്ത്രി പരിഹസിച്ചു. ‘പച്ചക്കറി വിലയെ കുറിച്ച് വല്ല ധാരണയും പ്രതിപക്ഷ എം.എൽ.എമാർക്കുണ്ടോ’ എന്നും അദ്ദേഹം ചോദിച്ചതോടെ പ്രതിപക്ഷം ഇളകി. ഭരണപക്ഷം അതിനെ നേരിടുകയും ചെയ്തതതോടെ ബഹളമായി. പ്രതിപക്ഷ എം.എൽ.എമാർക്ക് വിവരമുണ്ടോ എന്ന പരാമർശം ശരിയായില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
താൻ അങ്ങെന പറഞ്ഞിട്ടില്ലെന്നായി മന്ത്രി. വിപണിയെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെയാണ് പറയുന്നതെന്നാണ് താൻ പറഞ്ഞത്. ഒരു കിലോ അരിക്ക് 53.98 രൂപ നഷ്ടം സഹിച്ചാണ് റേഷൻ കട വഴി സർക്കാർ എത്തിക്കുന്നത്. ഇതിലൂടെ ഒരുവര്‍ഷം 1600 കോടി രൂപയാണ് സര്‍ക്കാറിന് ചെലവ്. സംസ്ഥാനത്തെ 90 ശതമാനംപേരും റേഷന്‍ കടകളെ ആശ്രയിക്കുകയാണ്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും സിവില്‍ സപ്ലൈസ് വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റത്തിൽ ജനം നട്ടംതിരിയുകയാണെന്ന് ടി.വി. ഇബ്രാഹിം ആരോപിച്ചു. അരിവില ഇരട്ടിയായി. 40 ലക്ഷം ടൺ അരി ആവശ്യമുള്ളിടത്ത് 16 ലക്ഷം ടൺ മാത്രമാണ് റേഷൻ കട വഴി ലഭിക്കുന്നത്. ബാക്കി പൊതുവിപണിയിലാണ്. അവിടെ സർക്കാർ ഇടപെടുന്നില്ല. പച്ചക്കറിക്കും മറ്റ് സാധനങ്ങൾക്കും വന്ന വിലക്കയറ്റം ചൂണ്ടിക്കാട്ടിയ അദ്ദേഹം വില വർധന ഇല്ലെന്ന് പറയാനുള്ള ധൈര്യം മന്ത്രിക്ക് എവിടെനിന്ന് ലഭിച്ചുവെന്നും ചോദിച്ചു.
ആന്ധ്രയിൽനിന്ന് അരി വരുമെന്ന് പറഞ്ഞിട്ട് എന്തായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. വിവിധ ഇനങ്ങളുടെ വില വർധന അക്കമിട്ട് നിരത്തിയ പ്രതിപക്ഷനേതാവ് സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ മാസം 1750 രൂപയുടെ അധിക ബാധ്യത വന്നുവെന്നും പറഞ്ഞു. ഈ വിഷയം എവിടെപ്പോയി ഉന്നയിക്കണം. ഒരു വിഷയം ഉന്നയിക്കുമ്പോൾ മന്ത്രി പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ്.
കേരളത്തിലെ പൊതുവിതരണ സംവിധാനം മന്ത്രിയുടെ കാലത്ത് നിലവിൽ വന്നതാണെന്ന രീതിയിലാണ് മറുപടി. കരിഞ്ചന്തും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.