തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ-എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ ആരംഭിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് മന്ത്രി ആർ. ബിന്ദു. അധിക സാമ്പത്തികബാധ്യത ഏറ്റെടുക്കാനാകാത്ത സാഹചര്യത്തിലാണിത്. വള്ളികുന്ന് മണ്ഡലത്തിൽ ഭൂമി ലഭിക്കുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്ന മുറക്ക് കോളജ് ആവശ്യം പരിശോധിക്കുമെന്നും പി. അബ്ദുൽ ഹമീദിന്‍റെ സബ്മിഷന് മറുപടി നൽകി.
* പ്രളയത്തില്‍ വീടിന് നാശനഷ്ടമുണ്ടായപ്പോൾ ഏതെങ്കിലും പദ്ധതിയിൽ നിന്ന് സഹായം ലഭിച്ചവരുടെ വീടുകൾ വീണ്ടും വാസയോഗ്യമല്ലാതായാൽ ഇവര്‍ക്ക് ലൈഫ് മിഷനില്‍നിന്ന് ധനസഹായം അനുവദിക്കണമോ എന്നതിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
* കാർഷിക വിളകൾക്ക് ന്യായവില ഉറപ്പുവരുത്തുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. 11 വകുപ്പുകൾ ചേർന്ന് മൂല്യവർധിത ഉൽപന്നങ്ങൾക്കും വരുമാന വർധനക്കുമായി കാർഷിക മിഷന് രൂപം നൽകിയിട്ടുണ്ട്. പച്ചത്തേങ്ങ സംഭരണത്തിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും. റബർ വിലയിടിവിൽ കർഷകരെ സഹായിക്കാൻ ഇൻസെന്‍റീവ് പദ്ധതിയിൽ 1788.99 കോടി ഇതിനകം നൽകി. രാജ്യത്ത് ഏറ്റവും ഉയർന്ന വിലയ്ക്ക് റബർ സംഭരിക്കുന്നത് കേരളത്തിലാണെന്നും കുറുക്കോളി മൊയ്തീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
ചോമ്പാല ലഹരി കേസിൽ കർശന നടപടി
തിരുവനന്തപുരം: ചോമ്പാലയിലെ ലഹരി കേസിൽ കർശന നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. പൊലീസും എക്സൈസും അന്വേഷണം നടത്തും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സ്വന്തമായ നിയമനിർമാണം നടത്താനാകില്ലെന്നും കെ.പി. മോഹനന്‍റെ സബ്മിഷന് മറുപടി നൽകി. കെ.കെ. രമയും ഈ വിഷയം ഉന്നയിച്ചു.
സ്കൂളുകളിൽ ജനകീയ സമിതികൾ വന്നതോടെ ജനങ്ങളുടെ ഇടപെടൽ വർധിച്ചിട്ടുണ്ട്. ചെറിയ അളവ് ലഹരി കൈവശംവെച്ചാൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്. കേരളത്തിൽ ചെറിയ അളവ് പോലും ഗൗരവമുള്ളതാണ്. ലഹരിയുടെ അളവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമ വ്യവസ്ഥ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ പിന്നീട് സമാന കേസിൽ പ്രതിയായാൽ ഇരട്ടി ശിക്ഷ കിട്ടാൻ നടപടി എടുക്കുന്നുണ്ട്. വാണിജ്യപരമായ അളവ് പിടിച്ചവരിൽനിന്ന് പിന്നീട് ചെറിയ അളവ് പിടിച്ചാൽ വധശിക്ഷ വരെ ലഭ്യമാകുന്ന വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.