പാലക്കാട്: തുടർച്ചയായ രണ്ടാം ദിനവും പാലക്കാട് മുതലമടയിൽ ഒരേ കൃഷിയിടത്തിൽ കാട്ടനയിറങ്ങി കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്‍റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിങ്ങ് ചെയ്തിരുന്നു. എന്നാല്‍, മിനിയാന്നും ഇന്നലെയുമായി തുടര്‍ച്ചയായ രണ്ട് ദിവസം കാട്ടാന കൃഷിയിടത്തിലിങ്ങി. വൈദ്യുതി കടന്ന് പോകുന്ന ഫെന്‍സിങ്ങിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിങ്ങിലേക്ക് കുത്തിമറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും കാട്ടാനകള്‍ ഫെന്‍സിങ്ങ് നശിപ്പിച്ചിരുന്നു. മിനിയാന്ന് രാത്രിയിലും ഫെന്‍സിങ്ങ് നശിപ്പിച്ചെങ്കിലും ഇന്നലെ പകല്‍ ഇത് ശരിയാക്കിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി വീണ്ടുമിറങ്ങിയ കാട്ടാന ഇന്നലെയും ഫെന്‍സിങ്ങിലേക്ക് മരങ്ങള്‍ മറിച്ചിട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. തുടര്‍ന്ന് തെങ്ങ്, വാഴ, കവുങ്ങ്, തുടങ്ങിയ വിവിധ കൃഷികൾ കാട്ടാനകള്‍ നശിപ്പിച്ചു. കൃഷിയിടത്തിലെ തെങ്ങ് അടക്കം ചൊവിടോടെ കുത്തി മറിച്ചിട്ട നിലയിലാണ്. മാവുകളുടെ കമ്പുകളും മറ്റും വലിച്ച് പൊട്ടിച്ച നിലയിലാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ മുതലമടയിലെ കൃഷിക്കാര്‍ പ്രതിസന്ധിയിലായി.