തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായാണ് അന്വേഷണം. ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്. ഏഷ്യാനെറ്റ് ന്യൂസാണ് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്നത്.
500 രൂപ വിലയുള്ള പി.പി.ഇ കിറ്റുകൾ വാങ്ങിയത് 3 ഇരട്ടി ഉയർന്ന നിരക്കിലാണെന്ന് ആരോപിച്ചാണ് ലോകായുക്തക്ക് പരാതി ലഭിച്ചത്. ഈ പരാതിയിൽ ആണ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. കെ.കെ. ശൈലജ, രാജൻ ഖൊബ്രഗഡെ എന്നിവരടക്കം 11 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്.
അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്നു നേരെത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു.
2020 മാർച്ച് 30 നാണ് ഒരു കിറ്റിന് 1,550 രൂപ എന്ന നിരക്കിൽ സാൻഫാർമയിൽ നിന്ന് സംസ്ഥാന സർക്കാർ 50,000 പി പി ഇ കിറ്റുകൾ വാങ്ങിയത്. കോവിഡ് കാലത്തെ ഈ കൊള്ള ഏഷ്യാനെറ് ന്യൂസ് ആണ് പുറത്ത് കൊണ്ടുവന്നത്.