ദില്ലി: ഹിമാചലിൽ വ്യക്തമായ ലീഡോഡെ മുന്നേറുന്ന കോൺഗ്രസ് ഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ട്. അതേസമയം ഭയം ബിജെപിക്കാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഹിമാചലിൽ സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബി ജെ പി അവരുടെ എം എ എൽ എ മാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപ്പറേഷൻ താമര ഹിമാചലിൽ വിജയിക്കില്ല. ഗുജറാത്ത് തിരിച്ചടി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഖേര പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ഇനി എണ്ണനുള്ളത് 15 ശതമാനം വോട്ടുകൾ മാത്രമാണ്. 85 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹിമാചലിൽ കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഹിമാചലിൽ ജയം ഉറപ്പിച്ചതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി. ഹിമാചൽ പ്രദേശിൽ ആകെ 68 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ആറ് സീറ്റുകളിൽ ലീഡ് 500 ൽ താഴെയാണെന്നാണ് വിവരം. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ് സംസ്ഥാനത്ത് നടത്തിയത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.