തിരുവനന്തപുരം: യാത്രാമധ്യേ അപ്രതീക്ഷിതമായി കേരളം സന്ദർശിക്കാനെത്തിയ വിദേശ സഞ്ചാരികളെ സ്വീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 16 കാരവനുകളിലായി കേരളത്തിലെത്തിയ 31 അംഗ സഞ്ചാരികളെയാണ് മന്ത്രി സ്വീകരിച്ചത്. കേരളത്തിന്റെ കാരവൻ ടൂറിസത്തെ കുറിച്ച് മനസിലാക്കി യാത്രയുടെ റൂട്ട് മാറ്റിയാണ് ഇവർ കേരളത്തിലെത്തിയതെന്നും ഫേസ്ബുക്കിൽ വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പിൽ മന്ത്രി പറയുന്നു. ജർമനി സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് 16 കാരവനുകളിലായി എത്തിയ 31 പേരും.
യൂറോപ്പിൽ നിന്ന് യാത്ര തുടങ്ങി 365 ദിവസം 17 രാജ്യങ്ങളിലൂടെ അമ്പതിനായിരം കിലോമീറ്റർ കാരവനിൽ സഞ്ചരിച്ച് ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഇന്ത്യയിൽ നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര ഗോവ വരെ ആയിരുന്നു. കേരളത്തിലെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞായിരുന്നു യാത്ര ഇങ്ങോട്ട് തിരിച്ചത്. ആലപ്പുഴ കുമളി തേക്കടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് ഇവരെ സ്വീകരിച്ചു.