വിദ്യാർത്ഥി സംഘർഷമുണ്ടായ മേപ്പാടി പോളിടെക്നിക് കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ മൂന്നാം വർഷ വിദ്യാർത്ഥികളായ രണ്ട് പേരെ സസ്പെന്‍റ് ചെയ്തിരുന്നു. കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 6 പേരാണ് ഇതുവരെ അറസ്റ്റിലായത്. പോലീസിന്‍റെ അന്തിമ റിപ്പോർട്ട് ലഭിച്ചാൽ കുറ്റക്കാരായ വിദ്യാർത്ഥികളെ പുറത്താകാനാണ് കോളേജിന്‍റെ തീരുമാനം. ക്യാന്പസിലെ ട്രാബിയോക്ക് എന്ന സംഘത്തെ കുറിച്ചുള്ള നർക്കോട്ടിക് സെൽ അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തെ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്നാം വർഷ വിദ്യാർത്ഥികളായ വിഷ്ണു, അഭിനവ് എന്നിവർക്കെതിരെയാണ് കോളേജ് നടപടിയെടുത്തത്. അന്വേഷണ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. നടപടി നേരിട്ട വിഷ്ണു എസ് എഫ് ഐയുടെ മുൻ യൂണിറ്റ് സെക്രട്ടറിയാണ്. കോളേജിലെ വാട്സപ്പ് കൂട്ടായ്മയായ ട്രാബിയോക്കിലെ അംഗങ്ങളായിരുന്നു ഇരുവരും. പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന മുഴുവൻ വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഡിസംബർ 12 ന് കോളേജ് തുറന്നു പ്രവർത്തിക്കാൻ ഇന്ന് ചേർന്ന പിടിഎ യോഗം തീരുമാനിച്ചിട്ടുണ്ട്. കോളേജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ വൈത്തിരി തഹസീല്‍ദാരുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം ചേർന്നിരുന്നു. കോളേജിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രിന്‍സിപ്പള്‍ സി. സ്വര്‍ണ്ണ അറിയിച്ചിരുന്നു.
കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവ് അപർണ്ണ ഗൗരിയെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോളിടെക്നിക് കോളേജിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.