കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്റെ പരാതിയിൽ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എത്തിയ എം എൽ എയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എൽ എ രംഗത്ത് വന്നിരുന്നു. എം എൽ എയും ട്വന്റി 20 യും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്.