മണ്ണാർക്കാട്: മധുവിന്റെ ഒ.പി ശീട്ടിൽ തിരുത്ത് നടന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. അട്ടപ്പാടി മധു വധക്കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തിരുവിതാംകൂർ ദേവസ്വം വിജിലൻസ് എസ്.പി ടി.കെ. സുബ്രഹ്മണ്യന്റെ വിസ്താരം കോടതിയിൽ തുടരുന്നതിനിടെയാണ് പരാമർശം. പ്രതിഭാഗത്തുനിന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകനായ അഡ്വ. ഷാജിത്തിന്റെ വിസ്താരമാണ് വെള്ളിയാഴ്ചയും നടന്നത്.
മധുവിന്റെ ആശുപത്രിയിലെ ഒ.പി ശീട്ടിൽ എന്തെങ്കിലും തിരുത്ത് വരുത്തിയതായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സുബ്രഹ്മണ്യന്റെ മറുപടി. മധുവിനെ പിടിച്ചുകൊണ്ടുവരുന്ന വിവരം ഒന്നാം പ്രതിക്ക് ആരെങ്കിലും അറിയിച്ചതിന് തെളിവുണ്ടോയെന്നും പ്രോസിക്യൂഷൻ വിചാരണ സമയത്ത് മധുവിന് ചുറ്റും പ്രതികൾ നിൽക്കുന്നത് കണ്ടുവെന്ന് പറയുന്ന വിഡിയോയിൽ ഒന്നാം പ്രതി ഉണ്ടായിരുന്നോ എന്നുമുള്ള ചോദ്യങ്ങൾക്ക് ഇല്ലെന്നും മറുപടി നൽകി.
മധുവിന്റെ ശരീരത്തിലെ ഏതെങ്കിലും പരിക്ക് മരണകാരണമാവുമായിരുന്നെന്ന് തെളിയിക്കാവുന്ന രേഖകൾ കോടതിയിൽ ഹാജറാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമുതൽ മൂന്നുവരെയുള്ള പരിക്കുകൾ മരണകാരണമാവാം എന്നത് ഡോക്ടറുടെ മൊഴിയിലുണ്ടെന്ന് സുബ്രഹ്മണ്യൻ മറുപടി നൽകി. മധുവും ഒന്നാം പ്രതിയും തമ്മിൽ നേരത്തേ എന്തെങ്കിലും പ്രശ്നമുള്ളതായി തെളിയിക്കാവുന്ന രേഖയില്ല. കളവ് പോയവരുടെ പേരും വിലാസവും രേഖപ്പെടുത്തിയതിൽനിന്നാണോ എസ്.ഐ പ്രസാദ് വർക്കി എഫ്.ഐ.എസിൽ ഒന്നാം പ്രതിയുടെ പേര് ഉൾപ്പെടുത്തിയതെന്ന് അറിയില്ല. മധുവിനെ പിടിച്ചുകൊണ്ടുവന്ന് ജീപ്പിൽ കയറ്റിയത് പൊലീസുകാരായിരുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും സുബ്രഹ്മണ്യൻ അറിയിച്ചു.
മധുവിനെ പല കേസുകളിലും കോടതികളിൽനിന്ന് ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്നത് കുടുംബാംഗമാണെന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ, ആ കേസുകൾക്ക് പ്രാധാന്യം ഇല്ല. മധുവിന്റെ പെൻഡിങ് കേസുകൾ അന്വേഷിച്ചിട്ടില്ല. മധു ഒളിവിലായതിനാൽ കസ്റ്റഡിയിൽ എടുത്തിരുനില്ല. ചാർജ് ഷീറ്റിൽ മധു ഒളിവിലാണെന്നോ മാനസിക രോഗി ആണെന്നോ എഴുതിയിട്ടില്ലെന്നും പ്രതിഭാഗത്തിന്റെ ചോദ്യത്തിന് സുബ്രഹ്മണ്യൻ മറുപടി നൽകി. എഫ്.ഐ.എസിൽ ഒന്നാം പ്രതി മധുവിനെ വനത്തിൽനിന്ന് പിടിച്ചുകൊണ്ടുവന്നു എന്ന് പറയുന്നുണ്ടോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ആദ്യം ഇല്ലെന്ന് പറഞ്ഞ സുബ്രഹ്മണ്യൻ പിന്നീട് തിരുത്തിപ്പറഞ്ഞു. മധുവിനെ പിടിച്ച വിവരം ആരാണ് പൊലീസിൽ അറിയിച്ചതെന്ന ചോദ്യത്തിന് അറിയില്ലെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് എസ്.ഐ സുബിൻ ആണെന്ന് സംശയം പറഞ്ഞു. തിങ്കളാഴ്ച വിചാരണ തുടരും.