ന്യൂഡല്‍ഹി∙ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ കാരണം കാണിക്കല്‍ നോട്ടിസില്‍ തീരുമാനം കോടതി വിധിക്കു ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കും. കാരണം കാണിക്കല്‍ നോട്ടിസമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും.
അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഉന്നതവിദ്യാഭ്യാസ സംവിധാനം ഒരുപോലെ ആയിരിക്കണം. അതിനാണ് യുജിസി മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്.
ബംഗാള്‍ വിഷയത്തില്‍, വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. പിന്നെയെങ്ങനെയാണ് ചാന്‍സലര്‍മാരുടെ നിയമനത്തിന് അധികാരമുണ്ടാകുക. സിപിഎം ഇതെല്ലാം ചെയ്യുന്നത് അവര്‍ക്കിഷ്ടമുള്ളവരെ നിയമിക്കാന്‍ വേണ്ടിയാണ്. ഹൈക്കോടതി ചാന്‍സലറെ വിമര്‍ശിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.