ഷിംല∙ ഹിമാചൽ പ്രദേശിലെ പുതിയ മുഖ്യമന്ത്രി ആരാകും എന്നതിൽ നിർണായക തീരുമാനം പ്രിയങ്ക ഗാന്ധിയുടേതെന്നു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ ചുമതല പ്രിയങ്കയ്ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ അവസാന വാക്ക് പ്രിയങ്കയുടേതാണെന്നാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖുവിനാണ് മുന്‍ഗണന. ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.
ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്നതിൽ സമാവയം ഉണ്ടായില്ല. തുടർന്ന് തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു. പ്രിയങ്കയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ചേർന്നാണ് ഹിമാചൽ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ രൂപപ്പെടുത്തിയത്. ബിജെപിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാനായത് പ്രിയങ്കയുടെ തൊപ്പിയിലെ പൊൻതൂവലായി.
പാർട്ടിയുടെ ഭാഗമായി പ്രചാരണത്തിനു ചുക്കാൻ പിടിച്ച പ്രിയങ്കയുടെ ആദ്യ വിജയമാണ് ഹിമാചലിലേത്. നേരത്തേ യുപി തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല ഉണ്ടായിരുന്നെങ്കിലും പാർട്ടി അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് അവിടെ കണ്ടത്. സിർമൗർ, കംഗ്ര, സോലൻ, ഉന തുടങ്ങിയ സ്ഥലങ്ങളിലെ റാലിയിൽ അഗ്നിപഥും വിലക്കയറ്റവും തൊഴിലില്ലായ്മയും പഴയ പെൻഷൻ സ്കീമുമാണ് പ്രിയങ്ക ഉയർത്തിയത്.അന്തരിച്ച മുൻമുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, പ്രചാരണ ചുമതലയുണ്ടായിരുന്ന മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.