മുതിർന്ന പൗരന്മാരെ പലപ്പോഴും അലട്ടുന്ന പ്രശ്നമാണ് നിലതെറ്റിയുള്ള വീഴ്ച. എവിടെയെങ്കിലും വീഴുമോ എന്ന ഭയം ഇവർക്കു മിക്കപ്പോഴുമുണ്ടാകും.
വീഴ്ച അകറ്റാൻ
∙ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്ന സമയത്ത് കിടക്കയിൽത്തന്നെ 30 സെക്കൻഡ് എങ്കിലും ഇരുന്ന ശേഷം എഴുന്നേൽക്കുക. കിടക്കയ്ക്ക് അരികിൽത്തന്നെ 30 സെക്കൻഡ് എങ്കിലും നിന്ന ശേഷം നടന്നു തുടങ്ങുക. അഥവാ വീഴാൻ തുടങ്ങിയാലും വീഴുന്നത് കിടക്കയിലേക്ക് ആക്കാമെന്നതിനുവേണ്ടിയാണിത്.
∙ നനഞ്ഞ പ്രതലത്തിൽ നടക്കരുത്.
∙ ബാത്ത്റൂമിൽ വെസ്റ്റേൺ ക്ലോസറ്റിനു സമീപം ഗ്രാബ് ഹാൻഡിൽ പിടിപ്പിക്കുക. എഴുന്നേൽക്കുന്നത് ഗ്രാബ് ഹാൻഡിലിൽ പിടിച്ചാകണം.
∙ ബാത്ത്റൂമിൽ കസേരയിലോ സ്റ്റൂളിലോ ഇരുന്നു കുളിക്കാം. നിന്നു കുളിച്ചാൽ വീഴാൻ സാധ്യതയുണ്ട്.
∙ പാന്റ്സ് ധരിക്കുന്നത് കസേരയിലോ കട്ടിലിലോ ഇരുന്നുകൊണ്ടു ചെയ്യുക.
∙ ചുമരിൽ ഫോട്ടോ പതിക്കാനോ ഫാനിന്റെ അറ്റകുറ്റപ്പണി നടത്താനോ ഒക്കെ സ്റ്റൂളിലോ കസേരയിലോ കയറിനിൽക്കുന്നത് ഒഴിവാക്കണം.
∙ കിടപ്പുമുറിയിൽ കോളിങ് ബെൽ ഘടിപ്പിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മറ്റുള്ളവരെ വിളിക്കാൻ അത് ഉപകരിക്കും.