ഇന്ന് സ്മാർട് ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവാണെന്ന് നിസംശയം പറയാൻ സാധിക്കും. ഒപ്പം തന്നെ സോഷ്യൽ മീഡിയ അക്കൌണ്ടുകളോ വിവിധ ആപ്പുകളോ ഉപയോഗിക്കാത്തവരും അത്രയും കുറവുതന്നെയെന്ന് പറയാം. ഇതിനെല്ലാം വേണ്ടി ദിവസത്തിൽ നാം എത്ര സമയം ചെലവിടുന്നുണ്ടെന്നത് ചിന്തിക്കാറുണ്ടോ?ചിലർക്ക് ജോലിസംബന്ധമായി തന്നെ ഫോൺ ഉപയോഗം കൂടുതലായിരിക്കും. ഇവർ ജോലിസമയത്തിന് ശേഷവും ഫോണിൽ കൂടുതൽ സമയം ചെലവിടുന്നതോടെ അത് ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും.
ഫോൺ ഉപയോഗമെന്ന് പറയുമ്പോൾ എടുത്തുപറയേണ്ടുന്നൊരു കാര്യം കൃത്യമായ ഇടവേളകളിൽ നാം ഫോണെടുത്ത് നോട്ടിഫിക്കേഷനുകളൾ പരിശോധിക്കുന്നതാണ്. തിരിച്ചുപറഞ്ഞാൽ നോട്ടിഫിക്കേഷനുകളാണ് ഒരു പരിധി വരെ ഫോണിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നോട്ടിഫിക്കേഷനുകൾ പരിശോധിച്ച ശേഷം വിവിധ ആപ്പുകളിലേക്ക് ശ്രദ്ധ പതറിപ്പോവുകയാണ് ചെയ്യുന്നത്.ഈ ശീലം നമ്മെ എത്തരത്തിലാണ് ബാധിക്കുകയെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ‘സയൻസ് അലർട്ട്’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങൾ വന്നിട്ടുള്ളത്.
ഫോൺ നോട്ടിഫിക്കേഷനുകളിലൂടെ ശ്രദ്ധ പതറുമ്പോൾ നാം ചെയ്യാനുള്ള ജോലി സമയത്തിന് തീർക്കാൻ സാധിക്കാതെ വരുന്നു. ഇത് പരിഹരിക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജോലി ചെയ്യേണ്ടുന്ന അവസ്ഥയിലേക്കും നാമെത്തുന്നു. ഇത് പതിവായി സമ്മർദ്ദം അഥവാ സ്ട്രെസ് അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു. ഇത്തരത്തിൽ ഫോൺ നോട്ടിഫിക്കേഷൻ നമ്മുടെ ഉത്പാദനക്ഷമതയെയും, ജോലിയെയും, മാനസികാരോഗ്യത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പഠനം ഓർമ്മിപ്പിക്കുന്നത്.
ലോകത്താകെയും 2 ബില്യൺ മനുഷ്യർ സ്മാർട് ഫോൺ ഉപയോഗിക്കുന്നുണ്ട്. അതായത് കോടിക്കണക്കിന് മനുഷ്യർ എന്ന് ലളിതമായി പറയാം. ഇവരിൽ ഓരോരുത്തരും ശരാശരി ഒരു ദിവസത്തിൽ 85 തവണയെങ്കിലും ഫോൺ നോക്കുമത്രേ. അതുപോലെ പതിനഞ്ച് മിനുറ്റിനുള്ളിൽ ഒരു തവണയെങ്കിലും എന്നതാണ് കണക്ക്. എന്നാൽ ജോലിയാവശ്യങ്ങളില്ലെങ്കിൽ നോട്ടിഫിക്കേഷൻ നോക്കുന്ന തവണകൾ കുറയ്ക്കുന്നതിലൂടെ വലിയൊരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ശീലം ഉണ്ടാക്കിയെടുക്കാൻ തീർച്ചയായും ബുദ്ധിമുട്ടായിരിക്കും. എങ്കിൽപോലും ഈ രീതിയിലേക്ക് മാറുന്നതാണ് ഉചിതമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.