ദില്ലി: ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് ജിമെയില്‍ സേവനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. പലര്‍ക്കും ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴു മണിക്ക് ശേഷമാണ് ജിമെയിലിന് വ്യാപകമായി പ്രശ്നം നേരിട്ടത്. ഇത് രാത്രി പത്തുമണിവരെ തുടര്‍ന്നുവെന്നാണ് Downdetector.com റിപ്പോർട്ട് ചെയ്യുന്നത്.
ഗൂഗിള്‍ ഡാഷ്‌ബോർഡ് വിവരങ്ങല്‍ അനുസരിച്ച് ജിമെയില്‍ സേവനത്തിൽ പ്രശ്‌നമുണ്ടെന്ന് ഗൂഗിള്‍ സമ്മതിക്കുന്നു. “ഉപയോക്താക്കൾക്ക് ഇമെയിൽ ഡെലിവറി ആകുന്നത് താമസിക്കുന്നുണ്ട്. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീം ഇപ്പോഴും പ്രശ്നം പരിശോധിക്കുന്നു. 2022-12-10 08:30 യുഎസ്/പസഫിക് ശനിയാഴ്ചയോടെ നിലവിലെ വിശദാംശങ്ങളുള്ള ഒരു അപ്‌ഡേറ്റ് ഞങ്ങൾ പ്രസിദ്ധീകരിക്കും.” – ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു. സ
ഇന്ത്യയിലെ ഉപയോക്താക്കൾ ഇമെയിലുകള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നും. ജിമെയില്‍ ആപ്പ് തുറക്കാന്‍ സാധിച്ചില്ല എന്നുമുള്ള പരാതിയാണ് പൊതുവില്‍ ഉന്നയിച്ചത്. ജിമെയിലിന്‍റെ ബിസിനസ്സ് സേവനങ്ങളെയും പ്രശ്നം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഗോളതലത്തിൽ 1.5 ബില്യണിലധികം ഉപയോക്താക്കളുള്ള ജിമെയില്‍ 2022-ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നാണ്.
ഈ അപ്രതീക്ഷിത തടസ്സം ആപ്പിനെയും ഡെസ്‌ക്‌ടോപ്പ് സേവനങ്ങളെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കൾ അത്യാവശ്യ ഇമെയിലുകൾ അയയ്‌ക്കാൻ പാടുപെടുന്നതിനാൽ, #GmailDown എന്ന ഹാഷ്‌ടാഗ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും ട്രെൻഡായി.
തകരാർ സംബന്ധിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. മുമ്പ്, മെറ്റയുടെ വാട്ട്‌സ്ആപ്പ് ഒക്ടോബറിൽ പ്രവർത്തനരഹിതമായിരുന്നു.