സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോക കോടീശ്വരന്‍ ഇലോൺ മസ്‌ക് അവിടെ പരിഷ്കരണ നടപടി ആരംഭിച്ചിരുന്നു. അതിന്‍റെ ഭാഗമായി 7,500 ജീവനക്കാരിൽ പകുതിയിലധികം പേരെയും പിരിച്ചുവിട്ടു. ഇപ്പോൾ അവരിൽ പലരും ടെസ്‌ല മേധാവി കൂടിയായ മസ്കിനെ കോടതി കയറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്
ട്വിറ്ററില്‍ മസ്ക് നടത്തിയ കൂട്ട പിരിച്ചുവിടലുകളുടെ ഭാഗമായി ഉയര്‍ന്ന തര്‍ക്കങ്ങള്‍ വലിയ നിയമ തര്‍ക്കത്തിലേക്ക് നീങ്ങുന്നവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മസ്ക് ഓഫീസ് സ്ഥലം നിയമവിരുദ്ധമായി കിടപ്പുമുറികളാക്കി മാറ്റിയതില്‍ സാൻ ഫ്രാൻസിസ്കോ നഗര അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ്.
“ലോകത്തിലെ ഏറ്റവും വലിയ ധനികൻ തനിക്ക് ജീവനക്കാരുടെ അവകാശങ്ങൾക്കെല്ലാം മുകളില്‍ കയറാമെന്നും, നിയമം അനുസരിക്കേണ്ടതില്ലെന്നും കരുതുന്നത് വളരെ ആശങ്കാജനകമാണ്. ഞങ്ങൾ മസ്കിനെ ഈ കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം ഉള്ളയാക്കാനാണ് ഉദ്ദേശിക്കുന്നു,” – പരാതിക്കാര്‍ക്ക് വേണ്ടി ഹാജറാകുന്ന അഭിഭാഷകൻ ഷാനൻ ലിസ്-റിയോർഡൻ പറഞ്ഞു.
ഇപ്പോള്‍ നല്‍കിയ കേസിന്‍റെ അടിസ്ഥാനം പിരിച്ചുവിടുന്ന അവസ്ഥയില്‍ മസ്‌കിന്‍റെ ഏറ്റെടുക്കലിന് മുമ്പ് ജീവനക്കാർക്ക് നല്‍കിയ വാഗ്ദാനങ്ങളും, നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന അടിസ്ഥാനത്തിലാണ്.
ബോണസും സ്റ്റോക്ക് ഓപ്ഷനുകളും ഉൾപ്പെടുന്ന ഈ ഉറപ്പുകൾ നല്‍കിയാണ് പല ജീവനക്കാരെയും ട്വിറ്റര്‍ തങ്ങളുടെ കമ്പനിയില്‍ നിലനിര്‍ത്തിയത്. എന്നാല്‍ അത് ഒന്നും പരിഗണിക്കാതെയാണ് മസ്കിന്‍റെ പിരിച്ചുവിടല്‍ പ്രക്രിയ നടന്നത് എന്നാണ് മുന്‍ ജീവനക്കാരുടെ വാദം.
മറ്റ് കേസുകൾ മസ്‌കിന്‍റെ ധാർഷ്ട്യപരമായ അന്ത്യശാസനത്തെ ചൂണ്ടിക്കാണിക്കുന്നു. ഒന്നുകിൽ ജീവനക്കാർ കമ്പനിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കണം. “ഹാർഡ്‌കോർ” രീതിയില്‍ പണിയെടുക്കണം. അല്ലെങ്കിൽ അവരുടെ മൂന്ന് മാസത്തെ ശമ്പളം വാങ്ങി ജോലി രാജിവയ്ക്കാം, ഇതാണ് മസ്കിന്‍റെ നിലപാട്.
തൊഴിലാളികൾക്ക് നഷ്ടപരിഹാരവും നിയമം അനുശാസിക്കുന്ന 60 ദിവസത്തെ മുന്നറിയിപ്പ് സമയവും നിഷേധിച്ചുകൊണ്ട് കാലിഫോർണിയ നിയമത്തെ അവഗണിച്ചാണ് മസ്കിന്‍റെ ഈ ഭീഷണിയെന്നാണ് അഭിഭാഷകരുടെ ആരോപണം.