ബെംഗളൂരു: ബെംഗളൂരുവിൽ ചായയുടെ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കടയുടമയായ യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ മുന്നെകൊല്ലൽ പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഒരു കൂട്ടം യുവാക്കൾ കടയിൽ കയറി ഉടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഒരു സംഘം യുവാക്കള്‍ ഒരു കടയില്‍ കയറി ചായ ഓര്‍ഡര്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചായയും സിഗരറ്റും ഓർഡർ ചെയ്ത ശേഷം ബില്ല് നല്‍കിയപ്പോള്‍ യുവാക്കള്‍ കടയുടമയോട് വഴക്കിടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകോപിതരായ യുവാക്കള്‍ കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മർദിക്കുകയും കടയിലുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
ഇതോട പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നിടെയാണ് കഴിഞ്ഞ ദിവസം നാല് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ബെംഗളൂരു സിറ്റി പൊലീസ് ട്വീറ്റ് ചെയ്തു. കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. എട്ട് പേരടങ്ങുന്ന സംഘമാണ് കടയുടമയെ ആക്രമിച്ചതെന്നും മറ്റുള്ളവരെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം അക്രമികൾ മൊബൈൽ ഫോണും സ്വർണമാലയും പണവും മോഷ്ടിച്ചതായും കടയുടമ ആരോപിച്ചു.