കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി അമ്മ. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നല്‍കാമെന്ന വ്യാജേനയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന് അമ്മ പറഞ്ഞു. ഡോക്ടര്‍ എന്ന വ്യാജേനയാണ് തന്നെ അവര്‍ സമീപിച്ചതെന്നും അമ്മ പ്രതികരിച്ചു.
‘ഡോക്ടര്‍മാരെപ്പോലെ വെള്ളക്കോട്ടൊക്കെ ഇട്ടിരുന്നു. മുന്‍പ് ഇവരെ കണ്ടിട്ടുണ്ട്. ആ ഒരു ഉറപ്പിലാണ് കുഞ്ഞിനെ കൊടുത്തത്. അവര്‍ വന്ന് കുഞ്ഞിന്റെ കേസ് ഷീറ്റ് ചോദിച്ചു. കുഞ്ഞിന്റെ മഞ്ഞ നിറം നോക്കിയിട്ടില്ല, അതെന്താ നോക്കാത്തതെന്ന് അവര്‍ ചോദിച്ചു. എന്നിട്ട് കുഞ്ഞിന്റെ കയ്യും കണ്ണുമൊക്കെ പരിശോധിച്ചു. കുഞ്ഞിനെ പരിശോധിച്ചിട്ട് തിരികെ തരാമെന്ന് പറഞ്ഞു. അവര്‍ കുഞ്ഞിനെ കൊണ്ടുപോയി. മഞ്ഞനിറം നോക്കുന്നത് രണ്ടാം നിലയിലായിരുന്നു. പക്ഷേ, ഇവര്‍ താഴേക്ക് പോയി. അപ്പോഴാണ് സംശയം തോന്നിയത്. ലിഫ്റ്റ് വഴി പോകാനാവുമെന്നാണ് കരുതിയത്. നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ മറ്റാരെക്കൊണ്ടും കുഞ്ഞിനെ എടുപ്പിക്കില്ലെന്ന് പറഞ്ഞു. അപ്പോള്‍ സെക്യൂരിറ്റിക്കാരെ അറിയിച്ചു. കുഞ്ഞിനെ നീല ടര്‍ക്കിയിലാണ് പൊതിഞ്ഞുകൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയിലായിരുന്നു. അത് കണ്ടപ്പോള്‍ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നിയിരുന്നു. പക്ഷേ, മുഖം കണ്ടപ്പോള്‍ മനസ്സിലായി.”- അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.