തിരുവനന്തപുരം: രക്തത്തിലും മജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ലീഗിനെ ഇടത്മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദൻ. യുസി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗ്.
ഷാബാനു കേസിൽ എന്തായിരുന്നു ലീഗിൻ്റെ നിലപാടെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.ലീഗിൻ്റെ മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ അടി തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.ഭരണഘടനയുടെ തത്വങ്ങൾക്കെതിരായ ഗവർണറെ ചാൻസിലർ സ്ഥാനനിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിൻ്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിൻ്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിൻ്റെ ഈ യൂടേൺ. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.