ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ ആചരിച്ചിരുന്ന സലാം ആരതിയുടെ പേരുമാറ്റി സന്ധ്യാ ആരതി എന്നാക്കണമെന്ന നിർദേശത്തിന് അംഗീകാരം. ആറുമാസം മുമ്പാണ് സലാം ആരതി എന്നത് മാറ്റണമെന്ന് നിർദേശിച്ചത്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാർമിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു. ‘സലാം’ എന്ന വാക്ക് നമ്മുടേതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മാണ്ഡ്യയിലെ മേൽക്കോട്ടിലെ ചരിത്രപ്രസിദ്ധമായ ചളുവനാരായണ സ്വാമി ക്ഷേത്രമാണ് പേരുമാറ്റത്തിന് ആദ്യം നിർദേശം നൽകിയത്. മൈസൂർ രാജാവായിരുന്ന ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും ഭരണകാലം മുതൽ മേൽക്കോട്ട് ക്ഷേത്രത്തിൽ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ‘സലാം ആരതി (ദീപത്തെ വന്ദിക്കൽ)’ ചടങ്ങ് നടന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം മേൽക്കോട്ടിലെ മാത്രമല്ല, കർണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലെയും ‘ആരതി’ പുനർനാമകരണം ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ശശികല ജോലെ പറഞ്ഞു.
പേർഷ്യൻ പേരുകൾ മാറ്റാനും മംഗളാരതി നമസ്‌കാര അല്ലെങ്കിൽ ആരതി നമസ്‌കാര പോലുള്ള പരമ്പരാഗത സംസ്‌കൃത നാമങ്ങൾ ഉപയോഗിക്നികാനും നിർദ്ദേശങ്ങളുണ്ടായിരുന്നു. ചരിത്രം പരിശോധിച്ചാൽ, മുമ്പ് പ്രയോഗത്തിൽ ഉണ്ടായിരുന്നത് ഞങ്ങൾ തിരികെ കൊണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.