ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറൻസി നോട്ട് പിടികൂടി. ആഗ്ര റെയിൽവേ പൊലീസ് ശനിയാഴ്ച മഥുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഒന്നര ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടുകയും ചെയ്തു. വ്യാജ കറൻസി അച്ചടിക്കാൻ ചൈനീസ് കമ്പനിയുടെ പേപ്പറാണ് ഉപയോഗിച്ചതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി കലീമുള്ള ഖാസി, രാജസ്ഥാനിലെ കോട്ട സ്വദേശി മുഹമ്മദ് തഖീം, ബിഹാറിലെ കതിഹാർ സ്വദേശി ധർമേന്ദ്ര എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ സനൗൾ, മുസ്തഫ, സിയാവുൾ, വാരണാസി സ്വദേശി റൗണക് എന്നിവർക്കും കള്ളനോട്ടടിയിൽ പങ്കുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. ഇൻസ്‌പെക്ടർ വികാസ് സക്‌സേനയുടെ നേതൃത്വത്തിലുള്ള റെയിൽവേ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 500 രൂപയുടെ വ്യാജ കറൻസികളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
നോട്ടുകൾ, ഭാഗികമായി അച്ചടിച്ച നോട്ടുകൾ, കറൻസി അച്ചടിക്കാൻ ഉപയോഗിച്ച പേപ്പർ എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയുടെ 300 കള്ളനോട്ടുകളും അച്ചടി പൂർത്തിയാകാത്ത 500, 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു. 500 രൂപ കറൻസി നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന പച്ച മഷിയും ചൈനീസ് കമ്പനിയിൽ നിന്നാണ് ഇവർക്ക് ലഭിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗ്വാങ്‌ഷു ബോണഡ്രി കോ ലിമിറ്റഡ് എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് വ്യാജ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച കടലാസ് എത്തിച്ചതെന്ന് പ്രതികളിലൊരാൾ പൊലീസിനോട് പറഞ്ഞു. ഒരു ഷീറ്റ് പേപ്പറിൽ നാല് കള്ള നോട്ടുകൾ അച്ചടിക്കാൻ കഴിയുമെന്നും അത്തരം 36 ഷീറ്റുകൾ ഇവരുടെ കൈവശമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 2.75 ലക്ഷം രൂപയുടെ വ്യാജ കറൻസി നോട്ടുകൾ അച്ചടിക്കാൻ പര്യാപ്തമായ 550 ഷീറ്റ് സെക്യൂരിറ്റി പേപ്പറുകൾ ഉണ്ടെന്ന് പ്രതികൾ പിന്നീട് സമ്മതിച്ചു.
പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത തരത്തിൽ അതിവിദഗ്ധമായാണ് ഇവർ കള്ളനോട്ട് അച്ചടിച്ചതെന്നും പൊലീസ് പറഞ്ഞു. ചൈനയിൽ നിന്ന് സെക്യൂരിറ്റി പേപ്പറിൽ കറൻസി നോട്ടുകൾ അച്ചടിക്കാൻ പരിശീലനം ലഭിച്ച പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയാണ് സംഘത്തിന്റെ കേന്ദ്രമെന്ന് കലീമുള്ള സമ്മതിച്ചു. അച്ചടിച്ചതിന് ശേഷം, ചില റെയിൽവേ ജീവനക്കാരുടെ പങ്കോടെ വ്യാജ കറൻസി നോട്ടുകളുടെ വിതരണത്തിന് മേൽനോട്ടം വഹിക്കുന്ന വാരാണസിയിലെ റൗണക്കിന് അയക്കും. ഇയാളാണ് നോട്ട് വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുക.
സംഭവം എൻഐഎ, എടിഎസ് തുടങ്ങിയ അന്വേഷണ ഏജൻസികളെ അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ സംഘം രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന സെക്യൂരിറ്റി പേപ്പറിന്റെയും മഷിയുടെയും വിതരണക്കാരൻ ചൈനീസ് കമ്പനിയായതിനാൽ നയതന്ത്ര പ്രശ്‌നമാണെന്നും ഇന്ത്യയിലെ വ്യാജ കറൻസി ഭീഷണി ഇല്ലാതാക്കാൻ ദേശീയ ഏജൻസികളെ രംഗത്തിറക്കുമെന്നും അധികൃതർ പറഞ്ഞു. റാക്കറ്റുമായി ബന്ധമുള്ള എല്ലാ പ്രതികളെയും പിടികൂടാൻ വാരണാസി, മാൾഡ, മുംബൈ എന്നിവിടങ്ങളിലേക്ക് പൊലീസ് സംഘത്തെ നിയോഗിച്ചു.