തിരുവനന്തപുരം : വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. മത്സ്യതൊഴിലാളികൾക്ക് ക്രൈസ്തവ സഭ പിന്തുണ കൊടുത്തപ്പോൾ കമ്യൂണിസ്റ്റുകാരാൽ സഭ ആക്രമിക്കപ്പെട്ടുവെന്നാണ് വിമർശനം. സമരം പൊളിക്കാൻ സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ക്രൈസ്തവരെ തീവ്രവാദികളായി ചിത്രീകരിച്ചത് അലോസരപ്പെടുത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ കാപ്സ്യൂളുകൾ ഉണ്ടാക്കിയാൽ ആരെയും തീവ്രവാദികളാക്കാം എന്ന സ്ഥിതിയാണ്. കോർപ്പറേറ്റുകളെ ജനങ്ങളുടെ മുകളിൽ പ്രതിഷ്ഠിച്ച് പിണറായി പോപ്പുലിസ്റ്റ് നേതാവാകാൻ ശ്രമിക്കുകയാണെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം സമരം സമവായമായതിന് പിന്നാലെയാണ് എറണാകുളം- അങ്കമാലി അതിരൂപത പ്രസിദ്ധീകരണത്തിൽ ലേഖനം വന്നതെന്നത് ശ്രദ്ധേയമാണ്.