തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മലബാറിൽനിന്ന് യാത്ര ചെയ്യുന്ന എംഎൽഎമാർക്ക് റെയിൽവേ സൗകര്യങ്ങൾ നിഷേധിക്കുന്നതായി പരാതി. അടിയന്തര ക്വാട്ടയിൽ തേഡ് എ.സി ടിക്കറ്റ് എടുത്താലും, സ്ലീപ്പർ കോച്ചുകൾ മാത്രമാണ് അനുവദിക്കുന്നതെന്ന് ആരോപണമുയർന്നു. കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ളവർ എ സി ബർത്തുകൾ തട്ടിയെടുക്കുന്നുവെന്നും എംഎൽഎമാർ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്സപ്രസിൽ മലബാറിൽ നിന്നുള്ള 11 എംഎൽഎമാർ ഞെങ്ങി ഞെരുങ്ങി സ്ലീപ്പിറിൽ കയറിക്കൂടിയാണ് യാത്ര ചെയ്തത്. പി.എമാർക്ക് ആകട്ടെ സ്ഥലം കിട്ടിയതുമില്ല. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാൽ എംഎൽഎമാർക്ക് സാധാരണ എസി കോച്ചുകളിൽ ബർത്ത് അനുവദിക്കാറുണ്ട്. എന്നാൽ കുറേക്കാലമായി ത്രീ ടയർ എസി എംഎൽഎമാർക്ക് കിട്ടാക്കനിയാണ്. സർക്കാർ നൽകുന്ന കൂപ്പൺ വഴിയാണ് എംഎൽഎമാർ എ സി ടിക്കറ്റ് എടുക്കുന്നത്.
എ സി കോച്ചുകളിൽ നിന്ന് സ്ലീപ്പർ കോച്ചുകളിലേക്ക് യാത്രക്കാരനെ മാറ്റിയാൽ അധികം ഈടാക്കിയ തുക തിരികെകൊടുക്കും. എന്നാൽ ഇവിടെ എംഎൽഎമാർക്ക് തുക തിരികെ നൽകാറില്ലെന്നും പറയുന്നു. അതേസമയം, എംഎൽഎമാർക്ക് അടിയന്തര ക്വാട്ട അനുവദിക്കുന്നതിൽ വിവേചനമില്ലെന്നും അധിക കോച്ചുകൾ പോലും നിയമസഭാ സമ്മേളനകാലത്ത് മാവേലി എക്സപ്രസിൽ ചേർക്കാറുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരിച്ചു.