തിരുവനന്തപുരം : പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം, ക്രിമിനൽ കേസിൽ പോലീസ് പ്രതിയാകുന്നത് അടക്കമുള്ള വിഷയങ്ങളിൽ സഭയിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
പോലീസിലെ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കേസ് അന്വേഷണങ്ങളിൽ കാര്യക്ഷമതയോടെയാണ് പോലീസ് ഇടപെടുന്നത്. പാറശാല ഷാരോൺ കൊലക്കേസും പത്തനംതിട്ട നരബലി കേസുമെല്ലാം സമീപകാലത്ത് പൊലീസ് നേട്ടങ്ങളുണ്ടാക്കിയതാണ്. സൈബർ, സാമ്പത്തിക കേസുകളിൽ അടക്കം പൊലീസ് കാര്യക്ഷമതയോടെ പ്രവർത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തി ക്രിമിനൽ കേസ് റെജിസ്റ്റർ ചെയ്തുവെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. വിഴിഞ്ഞത്തടക്കം പൊലീസിന്റെ സംയമനം മാതൃകാപരമായിരുന്നു. സമൂഹത്തോടൊപ്പം നിൽക്കുന്ന പൊലീസിനെ താറടിച്ച് കാണിക്കരുത്. അത് സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇതിന് മറുപടി നൽകിയ തിരുവഞ്ചൂർ, സ്ത്രീപീഡന കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിൽ പോലും പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായതായി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ ആരോ തെറ്റ് ധരിപ്പിക്കുകയാണെന്നും അത്തരത്തിലുള്ള മറുപടികളാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞതെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃക്കാക്കരയിലെ സിഐ ആയ സുനു 15 പീഡന കേസുകളിൽ പ്രതിയാണ്. എന്നിട്ടും അയാളെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു വച്ചു. പിങ്ക് പൊലീസ് പരാജയമായിത്തീർന്നു. കുറ്റകൃത്യങ്ങൾ അനേകമുണ്ടെങ്കിലും 9 ജില്ലകളിൽ പിങ്ക് പൊലീസ് ഒരു കേസ് പോലും എടുത്തിട്ടില്ല. തീവ്രമായ പ്രശ്നത്തിന് നേരെ സർക്കാർ കണ്ണടക്കുകയാണ്. വഴിവിട്ട പൊലീസിനെ സർക്കാർ കൂടി സംരക്ഷിച്ചാൽ പൊലീസ് എവിടെപ്പോയി നിൽക്കുമെന്ന ചോദ്യവും തിരുവഞ്ചൂർ ഉയർത്തി.
എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചാണ് നടപടി എടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇത്തരം കാര്യങ്ങളിലെല്ലാം പൊലീസ് ഇടപെടൽ കാര്യക്ഷമമാണ്. 2016 മുതൽ പൊലീസുകാർ പ്രതികളായ 828 ക്രിമിനൽ കേസുകളുണ്ടായി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്രിമിനൽ കേസുകളിൽ പെട്ട 976 പൊലീസുകാർ ഉണ്ടായിരുന്നു. ഇപ്പോൾ അത് 828 ആയി കുറഞ്ഞു. പൊലീസിലെ ക്രിമിനലുകൾ കൂടുകയല്ല കുറയുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. കസ്റ്റഡി മരണം സംഭവിച്ചാൽ അപ്പോൾ തന്നെ മറ്റ് ഏജൻസിയെ ചുമതല ഏൽപ്പിക്കുന്നുണ്ട്. അത് കർശന നടപടിയുടെ ഭാഗമാണ്. ആശ്രമം കത്തിച്ച കേസിലെ പ്രതികളേയും എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതികളേയും നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് കഴിഞ്ഞു. അവധാനതയോടെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.