തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരും.തമിഴ്‌നാട്ടിൽ കരതൊട്ട മാൻഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടെങ്കിലും ഇതിൻ്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കർണാടക – വടക്കൻ കേരളം വഴി അറബിക്കടലിൽ പ്രവേശിക്കും എന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി അകന്നു പോകുന്നതോടെ മഴയ്ക്കും ശമനമുണ്ടാകും.
ഇന്ന് രാവിലെ എട്ടര വരെയുള്ള സമയത്ത് തെന്നല, ആലുവ, പരപ്പനങ്ങാടി, വൈന്തല, തുമ്പൂർമുഴ, തവനൂർ എന്നിവിടങ്ങളിലെല്ലാം നൂറ് മില്ലി മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെല്ലാം ഇന്നലെ തുടങ്ങിയ മഴ ഇന്നും ഇടവേളയില്ലാതെ തുടർന്നു.