കൊച്ചി ∙ വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്കു സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും നിർമാണ കമ്പനിയും സമർപ്പിച്ച ഹർജികളിലുള്ള നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. സമരം ഒത്തു തീർന്നതായി സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജി അവസാനിപ്പിച്ചതായി അറിയിച്ചത്.
വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണം ഉണ്ടാക്കുമെന്നും വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം എന്നതും ഉൾപ്പടെയുള്ള ആവശ്യങ്ങളുമായി മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം സർക്കാരുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായിരുന്നു. തുടർന്ന് പദ്ധതി പ്രദേശത്തിനു മുന്നിൽ സമരക്കാർ സ്ഥാപിച്ച പന്തൽ പൊളിച്ചു നീക്കിയിരുന്നു. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് നടപടികൾ കോടതി അവസാനിപ്പിച്ചത്. പദ്ധതിക്കു സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കേന്ദ്രസേനയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഇരു കക്ഷികളും നൽകിയ ഹർജി കഴിഞ്ഞയാഴ്ച കോടതി തീർപ്പാക്കിയിരുന്നു.