കണ്ണൂർ: ഖാദി ബോർഡിനെ ഇല്ലാതാക്കാൻ ചിലർ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. താത്കാലിക ജീവനക്കാരി നിഷയെ പിരിച്ചു വിട്ട സംഭവം വിവാദമാക്കാനാണ് ശ്രമം. റിബേറ്റ് സീസണിൽ താത്കാലികമായി നിയമിച്ചയാളെയാണ് പറഞ്ഞു വിട്ടത്. അവരെ റിബേറ്റ് സീസൺ കഴിഞ്ഞാൽ ഒഴിവാക്കാറുണ്ട്. സർക്കാർ മാറി വരുമ്പോൾ ചിലരെ ഒഴിവാക്കാറില്ല. വസ്തുതകൾ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കണ്ണൂർ ലേബർ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നത് തെറ്റാണെന്നും രാഷ്ട്രീയ അജണ്ട വച്ചാണ് നിഷ പെരുമാറുന്നതെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.
നൂൽനൂൽപ്പിലും നെയ്ത്തിലും ഏർപ്പെട്ട തൊഴിലാളികൾക്കുള്ള ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ ഖാദിമേഖലയ്ക്ക് പിന്തുണ നൽകുന്നത്. വിൽപ്പന വിഭാഗത്തിലെ ദിവസ വേതനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് ഡിസിസി പ്രസിഡന്റ് ഇന്ന് വാർത്താ സമ്മേളനം നടത്തിയത്. ഖാദി ബോർഡിൽ 37 വർഷം വരെ സർവീസ് ഉള്ള ദിവസവേതനക്കാരിയായ പാത്തുമ്മയടക്കം നിരവധി പേരുണ്ട്. സെയിൽസ് വിഭാഗത്തിലെ ദിവസ വേതനക്കാർ 25 വർഷത്തിന് മേലെ 5 പേരും 10 മുതൽ 25 വർഷത്തിനുമിടയിൽ 20 പേരും, 5 വർഷത്തിന് മേൽ പ്രവർത്തി പരിചയമുള്ളവർ 10 പേരുമുണ്ട്. ഇവരെയൊന്നും സ്ഥിരപ്പെടുത്തിയിട്ടില്ല.
പത്ത് വർഷം വരെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2021 ൽ ഹൈക്കോടതിയിൽ ഐഎൻടിയുസി യൂണിയൻ ജനറൽ സെക്രട്ടറി ഹർജി കൊടുത്തിരുന്നു. പിന്നീട് അങ്ങനെയൊരു നീക്കം നടത്തിയില്ല. അതാണ് സർവീസിലുള്ളവർക്ക് തിരിച്ചടിയായത്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന സ്ത്രീക്ക് 4 വർഷം മാത്രമാണ് സർവീസുള്ളത്. ഈ വസ്തുത നിലനിൽക്കെ ഡിസിസി പ്രസിഡന്റ് തെറ്റിദ്ധരിപ്പിക്കുകയാണ്. പരാതിക്കാരി ഹൈക്കോടതി വിധിക്കെതിരെയാണ് ഇന്ന് വാത്താ സമ്മേളനം നടത്തിയത്. തന്നെ സ്ഥിരപ്പെടുത്തണമെന്ന കണ്ണൂർ ലേബർ കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്.
ഒരു ജോലി തിരികെ വേണമെന്ന് പറയുന്ന സഹോദരിയെ ആക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല. ഡിസംബർ 19 മുതൽ ജനുവരി 5 വരെ ക്രിസ്മസ് ന്യൂ ഇയർ റിബേറ്റ് സീസൺ ആരംഭിക്കും. 19 ന് രാവിലെ പി പദ്മനാഭൻ റിബേറ്റ് മേള ഉദ്ഘാടനം ചെയ്യും. ഖാദി ഭവൻ കണ്ണൂരിൽ നടക്കും. 1943 മുതൽ സ്ഥിരമായി ഖാദി വസ്ത്രം ധരിക്കുന്ന സാഹിത്യകാരനാണ് പദ്മനാഭൻ. 150 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് നടത്തിയ ഖാദിമേളയിലെ സമ്മാനം സ്പീക്കർ വിതരണം ചെയ്തു. ഇതിനകം 50 കോടിയുടെ വസ്ത്ര വിൽപ്പന നടന്നു. വസ്ത്ര വിപണന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടായി. തൊഴിലാളികൾക്ക് ഇത് ഉത്തേജനമായി. ഓണക്കാലത്ത് ബോർഡ് ജീവനക്കാർക്ക് 2500 രൂപ വീതം സമാശ്വാസമായി നൽകിയെന്നും പി ജയരാജൻ പറഞ്ഞു.