തിരുവനന്തപുരം: നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശവുമായി സാംസ്കാരിക മന്ത്രി വി. എൻ.വാസവൻ. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്ന് പിൻവലിക്കണമെന്ന് മന്ത്രി തന്നെ സ്പീക്കറോട് അഭ്യർത്ഥിച്ചു. മോശം പരാമർശം പിൻവലിക്കാൻ മന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സഭാ രേഖകളിൽ നിന്ന് പരാമർശം നീക്കിയതായി സ്പീക്കർ അറിയിച്ചു.
സഹകരണ സംഘം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ ബോഡീ ഷെയിമിങ്. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോൽവിയും ചൂണ്ടിക്കാട്ടിയുള്ള വാദപ്രതിവാദങ്ങൾക്കിടയിലായിരുന്നു വിവാദ പരാമർശം.
‘സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നൽകിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നിൽക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രി പറഞ്ഞത്.
വിമർശനങ്ങൾ ഉയർന്നതോടെ തന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തന്നെ സ്പീക്കർക്ക് കത്ത് നൽകി. രാഷ്ട്രീയമായി ശരിയല്ലാത്ത പരാമർശം മന്ത്രി പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷവും സഭയ്ക്ക് ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രി നൽകിയ കത്ത് അംഗീകരിച്ച പരാമർശം രേഖകളിൽ നിന്ന് പിൻവലിക്കുന്നതായി സ്പീക്കർ അറിയിച്ചത്.
അതേസമയം, സിൽവർലൈൻ പദ്ധതിയിൽ സഭയിൽ സർക്കാർ നിലപാടാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.