ജീവന്‍തന്നെ അപകടത്തിലാക്കാവുന്ന പലതരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാവുന്ന ഒരു രോഗമാണ് ഉയരുന്ന രക്തസമ്മര്‍ദം. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ നിനച്ചിരിക്കാതെ വന്ന് ജീവനെടുക്കുകയോ ജീവിതനിലവാരം താറുമാറാക്കുകയോ ചെയ്യുന്ന രോഗസങ്കീര്‍ണതകള്‍ക്കെല്ലാം പിന്നില്‍ വില്ലനായി രക്തസമ്മര്‍ദം ഉണ്ടായിരിക്കും. അനാരോഗ്യകരമായ ചില ജീവിതശീലങ്ങളാണ് പലപ്പോഴും രക്തസമ്മര്‍ദത്തിന് കാരണമാകുന്നത്. ജീവിതശൈലി മോശമാക്കുന്നതില്‍ കോവിഡും തുടര്‍ന്നു വന്ന ലോക്ഡൗണും പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി കാണാം.
ഒന്നിലധികം കാരണങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാമെന്ന് അഹമ്മദാബാദ് അപ്പോളോ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വകുപ്പ് തലവന്‍ ഡോ. മഹര്‍ഷി ദേശായ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശാരീരികവും മാനസികവുമായ സമ്മര്‍ദം, അലസമായ ജീവിതശൈലി, സംസ്കരിച്ച ഭക്ഷണത്തിന്‍റെ ഉപയോഗം, അമിതമായ തോതിലുള്ള ഉപ്പിന്‍റെ ഉപയോഗം എന്നിവയെല്ലാം രക്തസമ്മര്‍ദം ഉയര്‍ത്തുന്നതായി ഡോ. മഹര്‍ഷി ചൂണ്ടിക്കാട്ടി.
അമിതമായ തോതിലുള്ള പ്രിസര്‍വേറ്റീവുകളും മറ്റും അടങ്ങിയ കൊഴുപ്പുള്ള, സംസ്കരിച്ച ഭക്ഷണവിഭവങ്ങള്‍ അപകടസാധ്യത ഉയര്‍ത്തുന്നു. പാരമ്പര്യമായും ഹൈപ്പര്‍ടെന്‍ഷന്‍ വരാവുന്നതാണ്. മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദമുണ്ടെങ്കില്‍ നിങ്ങള്‍ക്കും രക്തസമ്മര്‍ദം വരാനുള്ള സാധ്യത ഉയരുന്നു. അനാരോഗ്യകരമായ ശീലങ്ങള്‍ ഇതിന്‍റെ ആക്കം കൂട്ടുന്നു.
ദിവസവും 15 മിനിറ്റു മുതല്‍ 30 മിനിറ്റു വരെ നടക്കുകയോ ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് രക്തസമ്മര്‍ദം നല്ല അളവില്‍ കുറയ്ക്കുമെന്ന് ഗുരുഗ്രാം മാക്സ് ഹോസ്പിറ്റലിലെ ഡോ. അഷുതോഷ് ശുക്ലയും അഭിപ്രായപ്പെടുന്നു. പുകവലി ഒഴിവാക്കുകയും മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. അമിത ഭാരം കുറച്ചും പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിച്ചും ഹൈപ്പര്‍ ടെന്‍ഷനെ കയ്യകലത്തില്‍ നിര്‍ത്താവുന്നതാണ്. സിട്രസ് പഴങ്ങള്‍, സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മീനുകള്‍, മത്തങ്ങ വിത്തുകള്‍, ബെറി പഴങ്ങള്‍, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, ആരോഗ്യകരമായ നട്സുകള്‍, കാരറ്റ് എന്നിവയെല്ലാം രക്തസമ്മര്‍ദം ലഘൂകരിക്കും.
ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കേണ്ടതും രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ അത്യാവശ്യമാണ്. മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ, പ്രാണായാമം പോലുള്ളവയും നിത്യവും പരിശീലിക്കാം. ഉപ്പിന്‍റെ ഉപയോഗവും രക്തസമ്മര്‍ദവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇക്കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഒരു മനുഷ്യന്‍ പ്രതിദിനം കഴിക്കേണ്ടുന്ന ഉപ്പിന്‍റെ അളവ് ഒരു ടീസ്പൂണില്‍ അധികമാകരുതെന്ന് ഡോ. ശുക്ല ചൂണ്ടിക്കാട്ടുന്നു. സംസ്കരിച്ച ഭക്ഷണങ്ങളിലും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും വലിയൊരളവില്‍ ഉപ്പ് ചേര്‍ക്കാറുണ്ട്. ഇവയെല്ലാം ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത ഉയര്‍ത്തുന്നു. ചമ്മന്തി, അച്ചാര്‍, തക്കാളി സോസ്, ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ചീസ് എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം ഉപ്പ് അധികം ചേര്‍ന്നവയായതിനാല്‍ ഇവ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.