ദില്ലി: അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ പ്രകോപനത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായരുന്നതായി റിപ്പോര്‍ട്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നു. സംഘർഷം നടന്നത് ഒമ്പതിന് രാവിലെയോടെയെന്നും സംഘർഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. അതേസമയം പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റെന്നും സൂചനയുണ്ട്.
ഡിസംബർ ഒന്‍പതിന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ ചൈന സൈനികർക്ക് ഇടയില്‍ സംഘർഷം ഉണ്ടായതെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തെയും സൈനീകര്‍ക്ക് നേരിയ പരിക്കേറ്റുവെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. ഇന്ത്യന്‍ സൈനീകരില്‍ ആറ് പേർക്കാണ് പരിക്കേറ്റെതെന്നും ഇവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും വാർത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെയും ചൈനയിലേയും സൈനികർ പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അരുണാചലിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനീസ്‍ സേനയെ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നല്‍കിയെന്നാണ് വിവരം. 2020 ലെ ഗാല്‍വാൻ സംഭവത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ചൈന സൈനികർ തമ്മില്‍ സംഘർഷം ഉണ്ടാകുന്നത്. മേഖലയിലെ സമാധാനം പുനസ്ഥാപിക്കാന്‍ കമാന്‍റർ തല ചർച്ച നടത്തിയതായും സൈന്യം അറിയിച്ചു.