ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്‍പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വഴി തടഞ്ഞത് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.) ക്രാന്തികാരി വിഭാഗത്തിൽപ്പെട്ട കർഷകർ. കാർഷികനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ സമരംചെയ്ത സംയുക്ത കിസാൻമോർച്ചയിൽ അംഗമായിരുന്ന ക്രാന്തികാരി വിഭാഗത്തെ അതിതീവ്ര ഇടതുസ്വഭാവമുള്ള സംഘടനയായാണ് കണക്കാക്കുന്നത്. പഞ്ചാബിലെ 11 ജില്ലകളിൽ ഇവർക്ക് സ്വാധീനമുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രതിഷേധ ധർണയാണ് ഹൈവേയിൽ നടത്തിയതെന്നും പ്രധാനമന്ത്രിയുടെ യാത്രാമാർഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ക്രാന്തികാരി വിഭാഗം നേതാവ് സുർജിത് സിങ് പറഞ്ഞത്. പ്രധാനമന്ത്രി ഇതുവഴിവരുമെന്ന് പോലീസ് അറിയിച്ചപ്പോൾ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.