തിരുവനന്തപുരം∙ ഗവർണർ വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നതയുണ്ടെന്നു വരുത്തി തീർക്കാൻ സിപിഎം ശ്രമിച്ചത് അവർക്കുതന്നെ ബൂമറാങ്ങായെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗവർണർ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സിപിഎം വന്നത് അവർക്കുതന്നെ തിരിച്ചടിച്ചു. അവസാനം മുന്നണിയിലെ പ്രശ്നം പരിഹരിക്കാൻ എൽഡിഎഫ് യോഗം വിളിക്കേണ്ട സ്ഥിതിയുണ്ടായി. യുഡിഎഫിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ എൽഡിഎഫിലാണ് ഭിന്നത ഉണ്ടായത്. ലീഗ് യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിൽ എല്ലാം ചർച്ച ചെയ്താണ് തീരുമാനിക്കുന്നത്. ചർച്ചകളെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ബില്ലിൽ ഭേദഗതികൾ നിർദേശിച്ചത്.
സർവകലാശാലകളിലെ അക്കാദമിക് കാര്യങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും ചാന്‍സലറിന് ഒരു പങ്കുമില്ല. ചാൻസലറായി മല്ലികാ സാരാഭായി വന്നാലും അതിനു മാറ്റമുണ്ടാകില്ല. ചാൻസലറായി സർക്കാരിന്റെ ആളുകള്‍ വന്നാൽ സർവകലാശാലകളെ നിയന്ത്രിക്കാൻ കഴിയും. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതിൽ പ്രതിപക്ഷത്തിന് എതിർപ്പില്ല. ചാൻസലർ നിയമനത്തിലെ നടപടിക്രമങ്ങളെയാണ് എതിർത്തത്.
സംഘിവൽക്കരണം പോലെ അപകടകരമാണ് മാർക്സിസ്റ്റുവൽക്കരണം. രാഷ്ട്രീയവൽക്കരണം ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തു. ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് ഗവർണർ സമ്മതിച്ചതാണ്. അനുനയിപ്പിക്കാൻ മുഖ്യമന്ത്രി 3 കത്തെഴുതി. മൂന്നാമത്തെ കത്തിലെ വാചകങ്ങൾ ഗവർണർ നിർദേശിച്ചത് അനുസരിച്ചായിരുന്നു. ഇനി സർവകലാവിഷയങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് രേഖാമൂലം മുഖ്യമന്ത്രി എഴുതി കൊടുക്കുകയായിരുന്നെന്നും വി.ഡി.സതീശൻ പറഞ്ഞു