വിമാന യാത്രക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി. താൻ ഗർഭിണിയാണെന്നറിയാതെയാണ് യുവതി വിമാനത്തിൽ യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിലെ വാഷ്റൂമിൽ വെച്ചാണ് ടമാര എന്ന യുവതി കുഞ്ഞിനെ പ്രസവിച്ചത്. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം റോയൽ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം. ഇക്വഡോറിൽ നിന്ന് സ്പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ആംസ്റ്റർഡാമിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതിക്ക് വയറുവേദനയുണ്ടായി.
അസഹ്യമായപ്പോൾ വാഷ് റൂമിൽ പോകുകയായിരുന്നുവെന്ന് സ്പാർനെ ഗാസ്തുയിസ് ഹാർലെം സുയിഡ് ഹോസ്പിറ്റലിന്റെ വക്താവ് എൻഎൽ ടൈംസിനോട് പറഞ്ഞു. താൻ ഗർഭിണിയാണെന്ന് ടമാരക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തിൽ ഞെട്ടിപ്പോയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഓസ്ട്രിയയിൽ നിന്നുള്ള രണ്ട് ഡോക്ടർമാരും ഒരു നഴ്‌സും വിമാനത്തിലുണ്ടായിരുന്നു. ഇവരാണ് യുവതിക്ക് ആവശ്യമായ പരിചരണം നൽകിയതെന്ന് എയർലൈൻ വക്താവ് പറഞ്ഞു. ഡോക്ടർമാരോടും നഴ്സിനോടും വിമാനക്കമ്പനി കടപ്പെട്ടിരിക്കുന്നുവെന്നും വക്താവ് അറിയിച്ചു.
തന്നെ സഹായിച്ച യാത്രക്കാരിൽ ഒരാളുടെ പേരായ മാക്സിമിലിയാനോ എന്നാണ് ടമാര കുഞ്ഞിന് നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കെഎൽഎം എയർലൈൻ അറിയിച്ചു. ഷിഫോളിൽ എത്തിയപ്പോൾ അമ്മയെയും നവജാത ശിശുവിനെയും ആംബുലൻസിൽ സ്പാർനെ ഗാസ്തൂയിസിലേക്ക് കൊണ്ടുപോയതായും ഇവർ അറിയിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അധികം വൈകാതെ ഇരുവരും മാഡ്രിഡിലേക്ക് പോകുമെന്നും ഇവർ അറിയിച്ചു.