ന്യൂഡൽഹി∙ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ സാമിയുടെ കംപ്യൂട്ടറിൽ കൃത്രിമം നടത്തിയെന്ന റിപ്പോർട്ടുമായി അമേരിക്കൻ ഫൊറൻസിക് സ്ഥാപനം. കേസിൽ കുടുക്കുന്നതിനായി കംപ്യൂട്ടറിൽ ഹാക്കിങ്ങിലൂടെ രേഖകൾ സ്ഥാപിക്കുകയായിരുന്നുവെന്ന് ബോസ്റ്റനിൽ പ്രവർത്തിക്കുന്ന ആഴ്സനൽ കൺസൾട്ടിങ് എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ രേഖകൾ എൻഐഎ കുറ്റപത്രത്തൽ എഴുതിച്ചേർത്തെന്നും റിപ്പോർട്ടിലുണ്ട്.
2020ലാണ് എൺപത്തിമൂന്നുകാരനായ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരിച്ചു. നിഗൂഢമായ സൈബർ ആക്രമണത്തിലൂടെ മാവോയിറ്റ് കത്ത് ഉൾപ്പെടെ 44 രേഖകളാണു കംപ്യൂട്ടറിൽ സ്ഥാപിച്ചതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ സ്റ്റാൻസ്വാമിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഹൃദയസ്തംഭനംമൂലം മരിക്കുകയും ചെയ്തു. ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ റാഞ്ചിയില്‍നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തത്. റാഞ്ചിയില്‍ ആദിവാസികള്‍ക്കിടയില്‍ സ്വാമി പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സിന്റേയും സുരേന്ദ്ര ഗാഡ്‌ലിങിന്റേയും ലാപ്‌ടോപ്പുകളില്‍ ഹാക്കിങ് നടന്നതായും കണ്ടെത്തിയിരുന്നു.