ദില്ലി : ധനമന്ത്രാലയത്തിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. ധനമന്ത്രാലയത്തിൻ്റെ പേരിൽ ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അടക്കം വ്യാജ ഒപ്പുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇൻഷറുസ് പോളിസിയിൽ പുതിയ കേന്ദ്ര സർക്കാർ പദ്ധതിയുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ധനമന്ത്രാലയം, ആർബിഐ, എന്നിവയുടെ വ്യാജ ലെറ്റർ പാഡുകൾ, ഇമെയിൽ ഐഡി എന്നിവ ഉണ്ടാക്കിയാണ് തട്ടിപ്പ്. ധനമന്ത്രാലയം നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ രണ്ട് പേർ നേരത്തെ ഒരു ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരാണെന്നാണ് ലഭിക്കുന്ന വിവരം. നാല് പേരും ദില്ലി, യുപി സ്വദേശികളാണ്. ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവായിരം പേരുടെ വിവരങ്ങളാണ് ഇവരുടെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇൻഷുറൻസ് പോളിസി അടവ് മുടങ്ങിയവരെയും മെച്ച്വേർഡ് ആയവരെയും വിളിച്ച് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ പദ്ധതിയുണ്ടെന്നും പണം തിരിച്ച് ലഭിക്കുമെന്നും അതിനായി പ്രോസസിംഗ് ഫീസ് അടയ്ക്കണമെന്നുമാണ് ഇവർ വിശ്വസിപ്പിച്ചിരുന്നത്.
വിളിക്കുന്ന ആളുകളെ വിശ്വസിപ്പിക്കാൻ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ വ്യാജ ഒപ്പും ലെറ്റർപാഡും കൂടാതെ ധനമന്ത്രാലയത്തിന്റെയും ആർബിഐയുടെയും വ്യാജ ഈമെയിൽ ഐഡികളും ഇവർ ഉണ്ടാക്കിയിരുന്നു. ഇതുവഴിയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെയും നിജപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടർന്ന് വരികയാണ്.