കൊച്ചി : ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹാരസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്ഐആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീനിജിൻ എംഎൽഎയ്ക്ക് നോട്ടീസ് അയക്കും. ഹർജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു.
അതേസമയം ജാതി അധിക്ഷേപ കേസിൽ സാബു എം. ജേക്കബ്ബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. അറസ്റ്റ് തടയരുതെന്നെന്ന് ഡിജിപി ഹൈക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ അക്കാര്യം പറയാനാകില്ലെന്നായിരുന്നു സർക്കാറിന്റെ മറുപടി.
അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകാം എന്ന് അറിയിച്ച കോടതി എന്തിനാണ് അറസ്റ്റ് എന്നും ചോദിച്ചു. ശ്രീനിജിനേക്കാളും ശത്രുതയുള്ള പി ടി തോമസിനെയും ബെന്നി ബഹന്നാനെയും സാബു ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. പരാതി നൽകാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. സംഭവം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തതെന്നും കോടതി നിരീക്ഷിച്ചു.
എംഎൽഎയുടെ പരാതി ഗൗരവമുള്ളതെന്നും ബഹിഷ്കരണം ഒരു തരത്തിൽ അപമാനിക്കൽ തന്നെയെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എംഎൽഎയുടെ ഓരോ ചടങ്ങും ബഹിഷ്കരിക്കുകയാണെന്ന സർക്കാറിന്റെ മറുപടിയിൽ അഭിഭാഷകർ കോടതി ബഹിഷ്കരിക്കാറില്ലെ എന്ന് ജഡ്ജി തിരിച്ച് ചോദിച്ചു. അത് എങ്ങനെ അപമാനം ആകും എന്നും കോടതി ആരാഞ്ഞു. ബഹിഷകരണം ഒരു തരത്തിൽ അപമാനിക്കലാണെന്ന് സർക്കാർ ആവർത്തിച്ചു. എന്നാൽ ബഹിഷ്കരണം പ്രതിഷേധമാർഗമാണെന്ന് നിരീക്ഷിച്ച കോടതി സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടയുകയായിരുന്നു.