ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയക്ക് പിന്നാലെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) നിയമപ്രകാരമുള്ള നടപടികൾ പരിഗണിച്ച് കേന്ദ്രം. കർഷക പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഫ്ലൈ ഓവറിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു. ഗുരുതര സുരക്ഷാ വീഴ്ച എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം, പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടുകയും ഉത്തരവാദികളെ കണ്ടെത്തി കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഒരു ഉന്നതതല സമിതി രൂപവൽകരിച്ചിട്ടുണ്ടെങ്കിലും എസ്പിജി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന വിവരം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയോ അവർക്കെതിരേ കേന്ദ്ര സർക്കാർ തലത്തിൽ അന്വേഷണം നടത്തുകയോ ചെയ്യാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി എസ്പിജി നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ, പഞ്ചാബിൽ ബുധനാഴ്ച നടന്നത് എസ്പിജി നിയമത്തിന്റെ ലംഘനമാണ്. അതിനാൽ കടുത്ത നടപടികളുണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എസ്പിജി നിയമത്തിലെ സെക്ഷൻ 14 പ്രകാരം പ്രധാനമന്ത്രിയുടെ യാത്രകളിൽ എസ്പിജിക്ക് എല്ലാവിധ സഹായങ്ങളും നൽകുന്നതിന് സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്.
2020 ഡിസംബറിൽ, പശ്ചിമ ബംഗാളിൽ ഒരു രാഷ്ട്രീയ റാലിക്കിടെ ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദയുടെ വാഹനവ്യൂഹം തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതേത്തുടർന്ന് നദ്ദയുടെ സുരക്ഷാ ചുമതലയുള്ള മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിലേക്ക് കേന്ദ്രം വിളിപ്പിച്ചിരുന്നു. ഐജി രാജീവ് മിശ്ര, ഡിഐജി പ്രവീൺ ത്രിപാഠി, എസ്പി ഭോലാനാഥ് പാണ്ഡെ എന്നിവരോട് ഇന്ത്യാ ഗവൺമെന്റിന്റെ ഡെപ്യൂട്ടേഷനായി ഡൽഹിയിൽ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. എന്നാൽ ഈ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ വിട്ടയച്ചില്ല.
തുടർന്ന് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടുകയും ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാനം റിപ്പോർട്ട് അയച്ചില്ലെന്ന് മാത്രമല്ല സംസ്ഥാന സർക്കാർ വിഷയം ഇതിനകം അന്വേഷിക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് ഇരുവരും യോഗത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഈ സംഭവവികാസങ്ങൾ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള തുറന്ന വാക്പോരിലേക്കും എത്തിച്ചിരുന്നു. മമത നയിക്കുന്ന ബംഗാൾ സർക്കാരിന്റെ പ്രതികാര ബുദ്ധിയുടെ പ്രതീകമാണ് ഈ നിഷേധാത്മക നിലപാടെന്ന ആരോപണവും ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം ഉന്നയിച്ചിരുന്നു.