ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മരിച്ച മധുവിന്റെ ജാതിയും അമ്മ മല്ലിയുടെ ജാതിയും വ്യത്യസ്തമാണെന്ന് പ്രതിഭാഗം കോടതിയിൽ. മധു ആദിവാസി മുഡുക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖയില്ലെന്നും മധുവിന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഡിഎന്‍എ പരിശോധിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ കോടതിയെ അറിയിച്ചു. പൊലീസിലെ രേഖകൾ പ്രകാരം മധു ആദിവാസി മുഡുക വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് പറയുന്നത് എന്നാൽ മധുവിന്റെ അമ്മ മല്ലി നൽകിയ മൊഴിയിൽ അമ്മ കുറുമ്പ വിഭാഗത്തിൽപ്പെട്ടവരാണ്.
ഇത് തെളിയിക്കാൻ മധുവിന്റെയും സഹോദരങ്ങളുടെയും അമ്മയുടെയും ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ.സുബ്രഹ്മണ്യൻ ഇല്ലെന്ന് മറുപടി നൽകി. മധുവിന്റെ ഡിഎൻഎ നടത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്താത്തത് വീഴ്ചയായി കാണുന്നില്ല. മധുവിന്റെ അച്ഛൻ മുഡുക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ടി.കെ.സുബ്രഹ്മണ്യൻ മറുപടി നൽകി.
മധുവിന്റെ ബന്ധുക്കളെന്ന് പറയുന്നവരുടെ ഡിഎൻഎ താരതമ്യ പഠനം നടത്തിയിട്ടില്ല. കേസിന് ആവശ്യമായ എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി ടി കെ.സുബ്രഹ്മണ്യൻ പറഞ്ഞു. ഇവരുടെ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ട ആവശ്യമുള്ളതായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മധുവിനെ മുക്കാലിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കാണു കൊണ്ടുവന്നതെന്ന പൊലീസുകാരുടെ നോട്ട് ബുക്കും എഫ്ഐആറും പരിശോധിച്ചാൽ എന്താണ് മനസ്സിലാകുന്നതെന്ന ചോദ്യത്തിന് സാധാരണ ഗതിയിൽ ആൾക്കൂട്ടം പിടികൂടി നൽകുന്നയാളെ കസ്റ്റഡിയിലെടുത്താൽ ആശുപത്രിയിൽ പരിശോധിച്ചാണ് സ്റ്റേഷനിലേക്കാണ് കൊണ്ടു വരാറ്. ആ അർഥത്തിലാണ് അങ്ങനെ എഴുതിയതെന്നാണ് മനസ്സിലാക്കുന്നതെന്നായിരുന്നു ടി.കെ.സുബ്രഹ്മണ്യൻറെ മറുപടി. മധു ഛർദിച്ചത് മേലേതാവളം കയറ്റത്തിൽ വച്ചാണ്. താവളത്തും താവളം ജംക്ഷനിലും അല്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി.
മധുവിനെ കസ്റ്റഡിയിലെടുത്ത എസ് പ്രസാദ് വർക്കിയുടെ എഫ്ഐആറും 161 മൊഴിയും അപ്പാടെ വിശ്വസിക്കുകയായിരുന്നവെന്ന അഭിഭാഷകന്റെ ചോദ്യത്തിന് ടി.കെ.സുബ്രഹ്മണ്യൻ കൃത്യമായ മറുപടി നൽകിയില്ല. മധുവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ തയാറാക്കേണ്ട ഇൻസ്പെക്ഷൻ മെമ്മോ തയാറാക്കിയിരുന്നില്ല. മധു അവശനായത് കൊണ്ട് വേഗം ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തതെന്നും ചോദ്യത്തിനു മറുപടിയായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.