വയാഗ്ര അടക്കമുള്ള ലൈംഗിക ഉത്തേജക മരുന്നുകളുടെ മറവില്‍ വന്‍ തട്ടിപ്പ് നടത്തിയ കോള്‍ സെന്ററില്‍ പൊലീസ് റെയ്ഡ്. മുംബൈയിലെ ബോറിവില്ലിയിലാണ് അമേരിക്കന്‍ പൗരന്‍മാരില്‍നിന്നും വന്‍തോതില്‍ പണം തട്ടിയ കോള്‍സെന്റര്‍ നടത്തിപ്പുകാരും ജീവനക്കാരും പൊലീസ് പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.
നേരത്തെ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന ബോറിവില്ലിയിലെ ബംഗ്ലാവ് വാടകയ്ക്ക് എുടത്തായിരുന്നു കോള്‍ സെന്റര്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകള്‍ അടക്കം 16 ജീവനക്കാര്‍ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ലൈഫ് സ്‌റ്റൈല്‍ ഫിറ്റ്‌നസ് സെന്റര്‍ നടത്തുകയാണ് എന്ന വ്യാജേനയാണ് ഇവിടെ കോള്‍ സെന്റര്‍ നടത്തിയിരുന്നത്. അമേരിക്കക്കാരായിരുന്നു ഇവരുടെ പ്രധാന ഇരകളെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
വിചിത്രമായിരുന്നു ഇവരുടെ തട്ടിപ്പ് രീതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമേരിക്കയില്‍ നിരോധിച്ച ലൈംഗിക ഉത്തേജക മരുന്നുകള്‍ ഓണ്‍ലൈന്‍ ആയി വില്‍പ്പന നടത്തുന്നുവെന്ന് പറഞ്ഞാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. അമേരിക്കയിലുള്ള നിരവധി പേരില്‍നിന്നും ഇവര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കക്കാരുമായി സംസാരിക്കുന്നതിനായാണ് സ്ത്രീകളെ അടക്കം ഉപയോഗിച്ചിരുന്നത്. ഓര്‍ഡറുകള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ പണം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് ഇവര്‍ ഈടാക്കിയിരുന്നത്. പണം കൈപ്പറ്റി കഴിഞ്ഞാല്‍, പിന്നെ ഇവര്‍ ഒന്നും ചെയ്യില്ല. ലൈംഗിക ഉത്തേജക മരുന്നുകള്‍ വരുന്നത് കാത്തിരിക്കുന്ന അമേരിക്കക്കാര്‍ പിന്നീട് ബന്ധപ്പെട്ടാലും ഇവര്‍ പ്രതികരിക്കാതെ മാറിനില്‍ക്കും. അബദ്ധം പറ്റിയ ആളുകളാവട്ടെ ഇക്കാര്യം പുറത്തു പറയാതിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ വന്‍തോതില്‍ തട്ടിപ്പ് നടത്തുകയായിരുന്നു സംഘമെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ബോറിവില്ലി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ കോള്‍സെന്ററില്‍ റെയ്ഡ് നടന്നത്. ഡിസിപി അജയ് കുമാര്‍ ബന്‍സലിന്റെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്. ഇവിടെനിന്നും രണ്ട് സ്ത്രീകള്‍ അടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഷദാബ് ശൈഖിനു വേണ്ടി അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.