വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. ഇതിന് കൃത്യമായ വര്‍ക്കൗട്ടോ ഡയറ്റോ എല്ലാം പാലിക്കേണ്ടതായിട്ടുണ്ട്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും ലളിതമായി ഡയറ്റില്‍ വരുത്താവുന്നൊരു മാറ്റമാണ് കൂടുതല്‍ പച്ചക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുകയെന്നത്. പെട്ടെന്ന് വണ്ണം കൂടുന്ന പ്രശ്നം പരിഹരിക്കാൻ പച്ചക്കറികള്‍ക്കാകും.
പല പച്ചക്കറികളും വണ്ണം കുറയ്ക്കാനായി നാം തെരഞ്ഞെടുക്കുന്ന ഡയറ്റിന് ഏറെ അനുയോജ്യമാണെന്ന് തന്നെ പറയാം. ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളിലൊന്നും കുറവ് വരാതെ, എന്നാല്‍ വണ്ണം കൂടാൻ കാരണമാകാതെ നമ്മെ സഹായിക്കാൻ കഴിവുള്ള അത്തരത്തിലുള്ള ചില പച്ചക്കറി വിഭവങ്ങളെ കുറിച്ച് ഒന്നറിയാം.ഒപ്പം വെജിറ്റേറിയൻസിന് വണ്ണം കുറയ്ക്കാനായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചിലതും…
ഒന്ന്…
വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്ന ഒരാള്‍ക്ക് വണ്ണം കുറയ്ക്കാനായി ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് ബദാം. ഇത് വണ്ണം കുറയ്ക്കാൻ നേരിട്ട് തന്നെ സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ബ്രേക്ക്ഫാസ്റ്റിനൊപ്പമോ, സലാഡിനൊപ്പമോ എല്ലാം പതിവായി ബദാം ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഓര്‍ക്കുക, മിതമായ അളവില്‍ മാത്രം ഇത് കഴിക്കുക.
രണ്ട്…
ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും വണ്ണം കുറയ്ക്കാനുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ഫൈബറിനാല്‍ സമ്പന്നമാണ് ബ്രൊക്കോളി. അതുകൊണ്ട് തന്നെ ഇവ ദഹനപ്രവര്‍ത്തനങ്ങളെല്ലാം സുഗമമാക്കി നമ്മെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നു. ഇക്കാരണം കൊണ്ടാണിത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പറയുന്നത്.
മൂന്ന്…
വെള്ളക്കടലയും വണ്ണം കുറയ്ക്കാനായി സഹായിക്കുന്നൊരു വിഭവമാണ്. വെള്ളക്കടല അഥവാ ചന എന്നറിയപ്പെടുന്ന വിഭവം മിക്ക വെജിറ്റേറിയൻസിനും ഏറെ ഇഷ്ടമാണ്. ഇതില്‍ പ്രോട്ടീനും ഫൈബറും കാര്യമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് വേണ്ടുന്ന രണ്ട് സുപ്രധാന ഘടകങ്ങളാണ്.
നാല്…
മുളപ്പിച്ച പയര്‍- കടല എല്ലാം ഇതുപോലെ വെജിറ്റേറിയൻ ഡയറ്റിലുള്ളവര്‍ക്ക് വണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പതിവായി കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റായി ഇത്തരത്തിലുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
അഞ്ച്…
വെജിറ്റേറിയൻസിന്‍റെ മറ്റൊരു ഇഷ്ടവിഭവമാണ് പനീര്‍. പനീര്‍ വ്യത്യസ്തമായ പല രീതികളിലും തയ്യാറാക്കാറുണ്ട്. പനീറും മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണം തന്നെയാണ്.
പനീറില്‍ ആരോഗ്യകരമായ കൊഴുപ്പും,പ്രോട്ടീനുമെല്ലാം അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റാണെങ്കില്‍ കുറവും. ഇക്കാരണം കൊണ്ടാണിത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നത്. പ്രമേഹമുള്ളവര്‍ക്കും പനീര്‍ അനുയോജ്യമായ ഭക്ഷണമാണ്. പനീര്‍ ഏത് രീതിയില്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്. എന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഭക്ഷണം ഏത് തന്നെയായാലും അത് മിതമായ അളവിലല്ല കഴിക്കുന്നതെങ്കില്‍ വപരീത ഫലം ഉണ്ടായേക്കാം. അതിനാല്‍ അളവ് എപ്പോഴും ശ്രദ്ധിക്കുക.