റബാറ്റ്: ലോകകപ്പ് സെമിഫൈനലിനായി ആരാധകരെ ദോഹയിലേക്ക് കൊണ്ടുപോകുന്നതിനായി ചാര്‍ട്ട് ചെയ്തിരുന്ന വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതായി മൊറോക്കോ എയര്‍ലൈന്‍ അറിയിച്ചു. ബുധനാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കുകയാണെന്നാണ് മൊറോക്കോയുടെ ദേശീയ എയർലൈൻ വ്യക്തമാക്കിയത്. ഖത്തർ അധികൃതരുടെ തീരുമാനപ്രകാരമാണ് ഇതെന്നാണ് മൊറോക്കോ എയര്‍ലൈന്‍റെ വിശദീകരണം.
ഖത്തർ അധികൃതർ ഏർപ്പെടുത്തിയ ഏറ്റവും പുതിയ നിയന്ത്രണങ്ങളെ തുടർന്ന്, ഖത്തർ എയർവേയ്‌സ് നടത്തുന്ന വിമാനങ്ങൾ റദ്ദാക്കിയ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നുവെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും റോയൽ എയർ മറോക്ക് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഖത്തർ സർക്കാരിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാൻസിനെതിരെ ബുധനാഴ്ച രാത്രി നടക്കുന്ന സെമി ഫൈനൽ മത്സരത്തിനായി ആരാധകരെ ഖത്തറിലേക്ക് എത്തിക്കാൻ 30 അധിക വിമാനങ്ങൾ സര്‍വ്വീസുകള്‍ ഏർപ്പെടുത്തുമെന്ന് റോയൽ എയർ മറോക്ക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ചൊവ്വാഴ്ച 14 വിമാനങ്ങൾ മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂവെന്നാണ് റോയൽ എയർ മറോക്ക് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതിനകം മാച്ച് ടിക്കറ്റുകളോ ഹോട്ടൽ മുറികളോ ബുക്ക് ചെയ്ത ആരാധകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ തീരുമാനം. വിമാന ടിക്കറ്റുകൾ തിരികെ നൽകുമെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും റോയൽ എയർ മറോക്ക് അധികൃതര്‍ പറഞ്ഞു.
ലോകമാകെ ഖത്തറിലെ അവസാന സെമി ഫൈനലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മൊറോക്കോയുടെ പ്രതിരോധ താരങ്ങളും ഫ്രാൻസിന്‍റെ സ്ട്രൈക്കർമാരും തമ്മിലുള്ള പോരാട്ടമാകും അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുക. ഇതുവരെ ഒരു ഗോൾ പോലും മൊറോക്കോയുടെ പോസ്റ്റിലേക്കടിക്കാൻ എതിരാളികൾക്കായിട്ടില്ല. നാല് സ്ട്രൈക്കർമാരുള്ള മുന്നേറ്റംവഴി ഗോളടിച്ച് കൂട്ടുകയാണ് എംബാപ്പെയും ജിറൂദും. ഗോളിലേക്ക് വഴിയൊരുക്കാൻ ഗ്രീസ്മാനും ഡെംബലെയുമുണ്ട്. അപ്രതീക്ഷിത വെടിയുണ്ട പായിക്കാൻ യുവതാരം ചുവാമെനിയുമുണ്ട് മധ്യനിരയില്‍. എതിരാളികളുടെ ഗോൾമുഖത്തേക്ക് ഫ്രഞ്ച് താരങ്ങൾ ഓടിക്കയറുമ്പോൾ ആരെ തടയണമെന്ന ആശങ്ക സ്വാഭാവികം. പക്ഷേ കളി മൊറോക്കോയോടാകുമ്പോൾ കടലാസിലെ കരുത്ത് മതിയാകില്ല ഫ്രാന്‍സിന്.