ദുബായ് : ജമ്മു കശ്മീരിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ശ്രീനഗറിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തിൽ നടത്തുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. തുടർവികസന പ്രവർത്തനങ്ങൾക്ക് 200 കോടി രൂപ കൂടി മാറ്റിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്. ജമ്മു കശ്മീർ സർക്കാരിനു വേണ്ടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മൂന്നു ദിവസത്തെ യു.എ.ഇ. സന്ദർശനത്തിനെത്തിയ ലെഫ്. ഗവർണർ, സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ‘കശ്മീർ െപ്രാമോഷൻ വീക്ക്’ ഉദ്ഘാടനം ചെയ്തു.