അടിമാലി: സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന യുവതിയുടെ ചിത്രം അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ എടുത്ത് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചാറ്റുപാറ വരകു കാലായിൽ അനുരാഗ് (34) വാളറ മുടവൻ മറ്റത്തിൽ രഞ്ജിത്ത് (31) കാട്ടാറുകുടിയിൽ അരുൺ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഇരുമ്പ് ദണ്ഡ്, വടിവാൾ, കേബിൾ എന്നീ മാരാകായുധങ്ങൾ കണ്ടെടുത്തു. ഒന്നാം പ്രതിയായ അനുരാഗിന്‍റെ സഹോദരന്‍റെ സുഹൃത്തായ പെൺകുട്ടിയുടെ സെൽഫിയെടുത്ത ഇതേ സ്ഥാപനത്തിലെ ജീവനക്കാരൻ അഭിഷേകിനെ ഫോണിൽ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തരമായ ഭീഷണിയെത്തുടർന്ന് അഭിഷേക്, തന്‍റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു. വിശ്വജിത്ത് അനുരാഗുമായി സംസാരിച്ചെങ്കിലും പ്രശ്നം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ അനുരാഗ് സുഹൃത്തുക്കളുമായി ടൗണിൽ വച്ച് വിശ്വജിത്തിനെ ആക്രമിയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.
ഇതിനിട കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയെ വിദ്യാര്‍ഥി സംഘം അടിമാലിയില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ സംഘത്തിലെ ഒരു വിദ്യാര്‍ഥിനിയോട് ബസ് ഡ്രൈവര്‍ അപമര്യാദയായി പെരുമാറി. ഇതിനെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ ബസ് ഡ്രൈവറോടൊപ്പം നിന്ന ഹോട്ടലുടമയും തൊഴിലാളികളും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കേസ് നല്‍കിയെങ്കിലും അടിമാലി പൊലീസ് ബസ് ഡ്രൈവര്‍ സുധാകരൻ നായര്‍ക്കെതിരെ പോക്സോ കേസ് ചുമത്തി.
എന്നാല്‍, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ഹോട്ടല്‍ ജിവനക്കാര്‍ക്കെതിരെ അടിമാലി പൊലീസ് മൃതുസമീപനമാണ് കൈക്കൊണ്ടതെന്ന് കാണിച്ച് സ്കൂൾ അധികൃതർ കൊല്ലം എസ് പിയ്ക്ക് പരാതി നൽകി. ഈ പരാതിയെ തുടര്‍ന്ന് അടിമാലി പൊലീസ് സംഘര്‍ഷമുണ്ടാക്കിയ 15 ഓളം പേര്‍ക്കെതിരെ കേസെടുത്തതായി അറിയിച്ചു. നാലോളം വിദ്യാര്‍ഥികളെ ഹോട്ടലുടമയും തൊഴിലാളികളും ബസ് ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചിട്ടും അടിമാലി പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ പരാതിയില്‍ ആരോപിച്ചു. വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും അടിമാലി പൊലീസ് അറിയിച്ചു.