കൊച്ചി: സർവകലാശാല വി സിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത് വി സിമാർ ഹെെക്കോടതിയിൽ നൽകിയ ഹർജികളിൽ വാദം കേൾക്കൽ 20ന് ആരംഭിക്കും.
പത്തു സർവകലാശാല വി സിമാരാണ് ഹർജി നൽകിയിട്ടുള്ളത്. ഇതിൽ കേരള സർവകലാശാല വി സിയുടെ കാലാവധി അവസാനിച്ചതാണ്. ഫിഷറീസ് സർവകലാശാല വി സി ഡോ. റിജി ജോണിന്റെ നിയമനം മറ്റൊരു ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ശേഷിച്ച വി സിമാർക്ക് ഹർജിയിൽ തീർപ്പുണ്ടാകും വരെ പദവിയിൽ തുടരാമെന്ന് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവുമുണ്ട്. സാങ്കേതിക സർവകലാശാല വി സിയുടെ നിയമന നടപടികൾ യു ജി സിയുടെ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സമാന സാഹചര്യത്തിൽ നിയമനം ലഭിച്ച വി സി മാർക്ക് ഗവർണർ നോട്ടീസ് നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.