ഹരിപ്പാട്: റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്ന്ന് ചരക്ക് ലോറി ചരിഞ്ഞ് അപകടത്തിൽപ്പെട്ടു. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് പടിഞ്ഞാറ് പൊതുമരാമത്ത് വകുപ്പിന്റെ പാലത്തിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്ന് ഉച്ചയോടുകൂടി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് കാലടിയിൽ നിന്നും അരിയുമായി വന്ന ലോറി പിന്നിലേക്ക് എടുക്കുന്നതിനിടയിലാണ് പാലവും റോഡും ചേരുന്ന ഭാഗം ഇടിഞ്ഞ് ലോറിയുടെ പിൻഭാഗം താഴേക്ക് പോയത്. പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പഴയ പാലം പൊളിച്ച് വീതി കൂട്ടി 2010 ലാണ് പുതിയപാലം ഉദ്ഘാടനം ചെയ്തത്. അശാസ്ത്രീയ നിർമ്മാണമാണ് റോഡ് ഇടിഞ്ഞു താഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡാണാപ്പടി പാലത്തിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്ന് കൈവരിയിലേക്ക് ചരിഞ്ഞു നിൽക്കുന്ന ലോറിയുടെ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് പലരും സോഷ്യൽ മീഡിയയിൽ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.