ദില്ലി: സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. 2.5 ശതമാനമാണ് പലിശ.സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്.
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ ഒഴികെ) സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തപാൽ ഓഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവ വഴിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ വിൽക്കുന്നത്
വ്യക്തികൾക്ക് അനുവദിക്കുന്ന സബ്‌സ്‌ക്രിപ്‌ഷന്റെ പരമാവധി പരിധി 4 കിലോഗ്രാം ആണ്. ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം അനുവദിക്കും. ഇത്തരത്തിൽ സ്വന്തമാക്കുന്ന ബോണ്ടുകൾ ലോണുകൾക്ക് ഈടായി ഉപയോഗിക്കാം.
സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിന് മുമ്പുള്ള ആഴ്‌ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിലാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ വില ഇന്ത്യൻ രൂപയിൽ നിശ്ചയിച്ചിരിക്കുന്നത്.
2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം ആരംഭിച്ചത് ഫിസിക്കൽ സ്വർണ്ണത്തിന്റെ ആവശ്യകത കുറയ്ക്കുകയും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണ്ണം വാങ്ങാൻ ഉപയോഗിക്കുന്ന സാമ്പത്തിക സമ്പാദ്യത്തിലേക്ക് മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്.