തിരുവനന്തപുരം: ബഫർസോൺ മേഖലകളിൽ നടത്തിയ ഉപഗ്രഹ സർവേയെ കുറിച്ച് വിദഗ്ധ സമിതിക്ക് പരാതി നൽകാനുള്ള സമയ പരിധി നീട്ടിയേക്കും. 23 നുള്ളിൽ പരാതി നൽകാൻ ആയിരുന്നു മുൻ തീരുമാനം. ഉപഗ്രഹ സർവേക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരാതി നൽകാനുള്ള സമയ പരിധി നീട്ടുന്നത്. പരാതികൾ സ്വീകരിക്കാൻ പഞ്ചായത്തുകളിൽ ഹെല്‍പ് ഡെസ്ക് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. പരാതികൾ പരിശോധിച്ചു വീണ്ടും ഫീൽഡ് സർവേ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 20 നാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.
അതേസമയം, ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് കെസിബിസി. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നു. താരമശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മറ്റന്നാൾ ജനജാഗ്രത യാത്ര നടത്തും.
പരിസ്ഥിതി ലോല മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ സ്ഥല പരിശോധന അടക്കം നടത്തി ബഫർ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ അശാസ്ത്രതീയമായ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്ന, ഇപ്പോഴത്തെ നടപടിക്രമങ്ങളിൽ സഭാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രത്യക്ഷ സമരം തന്നെ തുടങ്ങാനാണ് തീരുമാനം. സഭാ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം അടുത്ത ദിവസങ്ങളിൽ, പള്ളികളിൽ വായിക്കും.
കെസിബിസി നേതൃത്വം നൽകുന്ന കേരള കർഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും. ബഫർ സോണിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകൾ കടന്നുപോകുന്നത്. താമരശ്ശേരി രൂപത അധ്യക്ഷൻ തന്നെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. കർഷക ജാതി മത സംഘടനകളെ അണിനിരത്തിയുള്ള ജനകീയ പ്രതിഷേധമാണ് സഭാ നേതൃത്വം ലക്ഷ്യമിടുന്നത്.