കോഴിക്കോട് : സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടത്തില്‍ ശിഖണ്ഡിയുടെ റോളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഗവര്‍ണര്‍ രാജിവയ്ക്കണമെന്നു മുഖ്യമന്ത്രിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെക്കൊണ്ട് പറയിച്ചത്. ഗവര്‍ണര്‍ അക്കമിട്ടു നിരത്തിയ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചുനടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ സഹായിക്കാന്‍ ദിവസവും പത്രസമ്മേളനം വിളിക്കുകയാണ്. മന്ത്രിക്കു പകരം ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് അദ്ദേഹം പറയുന്നത്. പുനര്‍ജനി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സതീശന്‍ മുഖ്യമന്ത്രിയെ പേടിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. തിരിച്ചു ചോദ്യം ചോദിക്കാന്‍ കഴിവില്ലാത്ത ഒരുകൂട്ടം ആളുകളുടെ മുന്നിലാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ വിശദീകരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോടായിരുന്നു മുഖ്യമന്ത്രി ചര്‍ച്ച നടത്തേണ്ടിയിരുന്നത്. ഡിപിആര്‍ പുറത്തുവിടാത്ത പദ്ധതി ദുരൂഹമാണ്. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണ് ഇതിനു പിന്നില്‍. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ 3.5 മണിക്കൂര്‍ കൊണ്ട് എത്തേണ്ട ആവശ്യം കേരളത്തില്‍ എത്രപേര്‍ക്കുണ്ടാകും? നിലവിലെ ട്രെയിന്‍ സര്‍വീസുകളുടെ വേഗം വര്‍ധിപ്പിച്ച് സില്‍വര്‍ലൈനിന്റെ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.